പീച്ചി ഡാം അപകടം: രണ്ടു പെണ്‍കുട്ടികൾ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം
Tuesday, January 14, 2025 3:08 AM IST
പട്ടിക്കാട്: പീച്ചി ഡാം റിസർവോയറിൽ വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥിനികൾ മരിച്ചു. പട്ടിക്കാട് മെട്രോ നഗറിൽ ചുങ്കത്ത് ഷാജൻ-സിജി ദന്പതികളുടെ മകൾ അലീന (16), പാറാശേരി സജി-സെറീന ദന്പതികളുടെ മകൾ ആൻ ഗ്രേസ് (16) എന്നിവരാണു മരിച്ചത്.
അലീനയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം അഞ്ചിന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ നടത്തി. ആൻ ഗ്രേസിന്റെ സംസ്കാരം ഇന്നു രാവിലെ 10.30ന് ഇതേ പള്ളിയിൽ നടക്കും. ആൻഗ്രേസിന്റെ സഹോദരി: ആഗന. അലീനയുടെ സഹോദരി: ക്രിസ്റ്റീന.
അപകടത്തിൽപ്പെട്ട മുരിങ്ങത്തുപറന്പിൽ ബിനോയ്- ജൂലി ദന്പതികളുടെ മകൾ എറിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ജൂബിലി മിഷൻ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പരിക്കേറ്റ പീച്ചി പുളിമാക്കൽ സ്വദേശിനി നിമ വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നാലു പെണ്‍കുട്ടികൾ പള്ളിക്കുന്ന് അങ്കണവാടിക്കു സമീപത്തെ ഡാം റിസർവോയറിൽ വീണത്. നിമ ഒഴികെ മൂന്നു പേരുടെയും ആരോഗ്യനില ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് നാഡിമിടിപ്പ് നിലച്ചിരുന്നു. ഇതോടെ വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ അലീന മരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ആൻഗ്രേസിന്റെയും മരണം സ്ഥിരീകരിച്ചു.
നിമയുടെ വീട്ടിൽ പീച്ചി പള്ളിയിലെ തിരുനാൾ ആഘോഷത്തിനെത്തിയതായിരുന്നു കുട്ടികൾ. ആഘോഷത്തിനുശേഷം പീച്ചി ഡാം കാണാനായി പോയി. തെക്കേക്കുളം അങ്കണവാടിയുടെ ഭാഗത്തെ പാറക്കെട്ടിൽ നിന്ന കുട്ടികൾ കാൽ വഴുതി റിസർവോയറിൽ വീണു. രണ്ടു കുട്ടികളാണ് ആദ്യം കാൽതെന്നി വീണത്. ഇതിനുപിന്നാലെ മറ്റ് രണ്ടുപേരും രക്ഷിക്കാൻ ഇറങ്ങി