വനനിയമ ഭേദഗതി: പരാതികളുടെ എണ്ണം കണ്ടെത്തണമെന്ന് കര്‍ഷക സംഘടനകള്‍
Tuesday, January 14, 2025 1:59 AM IST
കോട്ടയം: വനനിയമ ഭേദഗതി പരാതികളുടെ എണ്ണത്തിൽ ജനങ്ങളെയും മന്ത്രിസഭയെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നു കര്‍ഷക സംഘടനകള്‍.
വനനിയമ ഭേദഗതിക്കെതിരേ വന്ന പരാതികളുടെ എണ്ണം കണ്ടെത്താനും വനനിയമ ഭേദഗതിക്കു പിന്നിലുള്ള ബാഹ്യസമ്മര്‍ദം പഠിക്കാനും ഒരു ജുഡീഷല്‍ കമ്മീഷനെ നിയമിക്കണമെന്ന് 60ല്‍പരം സ്വതന്ത്ര കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്വതന്ത്ര കര്‍ഷക സംഘടനകള്‍ മാത്രം 1,750 പരാതികള്‍ വനം സെക്രട്ടറിയുടെ ഇ-മെയിലില്‍ അയച്ചതിന്റെ തെളിവുകള്‍ ഉണ്ട്. അല്ലാതെ 1000ത്തിലധികം പരാതി കത്തുകളും വനം സെക്രട്ടറിയുടെ അഡ്രസില്‍ അയച്ചിട്ടുണ്ട്.
കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തില്‍ തന്നെ 2,700 പരാതികളുടെ തെളിവുകള്‍ കൈയിലുള്ളപ്പോള്‍ 150 പരാതികള്‍ മാത്രമേ വനം സെക്രട്ടറിക്ക് ലഭിച്ചുള്ളൂ എന്നത് ആഗോള പരിസ്ഥിതി സംഘടനകള്‍ക്കു വേണ്ടി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും സംഘടനകൾ വ്യക്തമാക്കുന്നു.
വനനിയമ ഭേദഗതിക്കെതിരേ പരാതികളുടെ നിജസ്ഥിതി വിലയിരുത്താന്‍ കൂടിയ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ സംസ്ഥാനതല യോഗത്തില്‍ കെ.വി. ബിജു, ജയിംസ് വടക്കന്‍, ജോയി കണ്ണന്‍ചിറ, റസാക്ക് ചൂരവേലി, പി.എം. ബേബി, അഡ്വ. ബിനോയ് തോമസ്, ഡിജോ കാപ്പന്, റോയി നമ്പുടാകം, മാത്യു ജോസ്, അഡ്വ. ജോണി കെ. ജോര്‍ജ് പത്തനംതിട്ട, യാഹ്യാഖാന്, പി.ആര്. സന്തോഷ്, ഷൈജു തിരുനെല്ലൂര്‍, കമല്‍ ജോസഫ്, സിറിയക് കുരുവിള, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, മുതലാംതോട് മണി, സിജുമോന്‍ ഫ്രാന്‍സീസ്, സുജി മാസ്റ്റര്‍, റോജര്‍ സെബാസ്റ്റ്യന്‍, ബോണി ജേക്കബ്, ജോണ്‍ മാത്യു ചക്കിട്ടയില്‍, ഗഫൂര്‍ വെണ്ണിയോട്, സുനില്‍ ജോസ്, ജിന്നറ്റ് മാത്യു, ജോര്‍ജ് സിറിയക്, ഷാജി എന്‍. ജോര്‍ജ്, തുടങ്ങിയവർ പങ്കെടുത്തു.