നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം; മലപ്പുറം കളക്ടറുടെ റിപ്പോർട്ടിനെ വിമർശിച്ച് ഹൈക്കോടതി
Tuesday, January 14, 2025 3:07 AM IST
കൊച്ചി: തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിതറിയോടിയ 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം.
നിരുത്തരവാദപരമായ സമീപനമാണിതെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തെ കളക്ടര്‍ ഗൗരവമായെടുത്തില്ല. ആരോ പറയുന്നതു കേട്ട് റിപ്പോര്‍ട്ട് തയാറാക്കിയതാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ തീയതിയിലടക്കം തെറ്റുള്ളതിനാല്‍ തിരുത്താന്‍ ആവശ്യപ്പെട്ടു മടക്കിയെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
നിരുത്തരവാദപരമായ സമീപനമാണിതെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. പുതിയങ്ങാടിയില്‍ കഴിഞ്ഞ ഏഴിന് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിതറിയോടിയ 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എഴുന്നള്ളിപ്പിനെത്തിക്കുന്ന ആനകള്‍ക്ക് ‘മതിയായ ഇടം’ നല്‍കണമെന്ന ആന പരിപാലന ചട്ടത്തിലെ വ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘മതിയായ ഇടം’ എന്നതിനു നിശ്ചിത അളവ് വ്യക്തമാക്കാനാണു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ചട്ടപ്രകാരം ആനകളും ആള്‍ക്കൂട്ടവും തമ്മില്‍ പാലിക്കേണ്ട ദൂരവും വ്യക്തമാക്കി 21ന് റിപ്പോര്‍ട്ട് നല്‍കണം.
ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ ദൂരം ഉറപ്പാക്കണമെന്ന് കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് സുപ്രീംകോടതി നിലപാടെടുത്തു. അതേസമയം 2012ലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണു ഹൈക്കോടതി വ്യക്തത തേടിയത്. രജിസ്റ്റര്‍ ചെയ്ത ഉത്സവങ്ങള്ക്കുമാത്രം എഴുന്നള്ളിപ്പിന് അനുമതി നല്കിയാല് മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഈ നിര്‍ദേശം പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ആനകളുടെ സെന്‍സസ് ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് നിര്‍ദേശിച്ചു. യഥാര്‍ഥ ഉടമകളെ കണ്ടെത്താനാണിത്.
ആനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഇനി ഉടമകളാകും ഉത്തരവാദികള്‍. ആനകളുടെ വിശദാംശങ്ങളും രേഖകളും അധികൃതര്‍ പരിശോധിക്കും. കസ്റ്റോഡിയന്‍ ക്രമീകരണമെന്ന പേരില്‍ ആനകളെ മറ്റുള്ളവരുടെ കൈവശം വിട്ടുനല്‍കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.