വനം നിയമഭേദഗതി അപ്പാടെ പിൻവലിക്കണം: കേരള കോൺഗ്രസ്
Wednesday, January 15, 2025 2:22 AM IST
ചരൽക്കുന്ന്: സംസ്ഥാന സർക്കാർ കൊണ്ടുവന്നിട്ടുള്ള വനം നിയമ ഭേദഗതി അപ്പാടെ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ക്യാന്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണങ്ങളിൽനിന്നു കർഷകരെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കുക, പന്പ-അച്ചൻകോവിൽ-വൈപ്പാർ നദി സംയോജന പദ്ധതി പാടെ ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കേരളത്തെ ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ഇടതു സർക്കാരിനു വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾ കനത്ത തിരിച്ചടി നൽകുമെന്ന് ക്യാന്പിന്റെ സമാപന യോഗത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുന്നതിലേക്ക് ജില്ലാ ക്യാന്പുകൾ സംഘടിപ്പിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ഭവന സന്ദർശനവും ഫണ്ട് സമാഹരണവും നടത്തുന്നതിനും തീരുമാനിച്ചു.
കേരള കോൺഗ്രസ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്പതിനു മുന്പ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന 60 കേന്ദ്രങ്ങളിൽ പൊതു സമ്മേളനങ്ങൾ സംഘടിപ്പിക്കും.
ക്യാന്പിൽ നടന്ന ചർച്ചകൾക്ക് പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, കോ ഒാർഡിനേറ്റർ അപു ജോൺ ജോസഫ്, ഭാരവാഹികളായ ജോസഫ് എം. പുതുശേരി, എം.പി. പോളി, കൊട്ടാരക്കര പൊന്നച്ചൻ, പ്രഫ.ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, വർഗീസ് മാമ്മൻ, കെ.എഫ്. വർഗീസ്, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, ഡോ. ഗ്രേസമ്മ മാത്യു, ഏബ്രഹാം കലമണ്ണിൽ, കുഞ്ഞുകോശി പോൾ തുടങ്ങിയവരും നേതൃത്വം നൽകി.