പോക്സോ കേസ് : നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ജാമ്യഹർജി തള്ളി
Wednesday, January 15, 2025 2:22 AM IST
കൊച്ചി: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചലച്ചിത്രനടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന നടന്റെ ആവശ്യം ജസ്റ്റീസ് ജി. ഗിരീഷിന്റെ ബെഞ്ച് അനുവദിച്ചില്ല.
കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസാണ് ജയചന്ദ്രനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹര്‍ജിക്കാരനെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കുട്ടിയുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞവരാണ്. കുട്ടി തന്റെ അമ്മയുടെ വീട്ടില്‍ താമസിച്ചുവരവേ പീഡനം നടന്നുവെന്നാണു കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി.
കുട്ടി പിന്നീട് സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവര്‍ത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ജയചന്ദ്രന് നിഷേധിച്ചു.
ദാമ്പത്യതര്ക്കത്തില് ഇടപെട്ടതിലുള്ള വിരോധമാണ് പരാതിക്കു കാരണമെന്നും കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മൂമ്മയും അമ്മയും നടത്തുന്ന നീക്കമാണ് ഇതിനു പിന്നിലെന്നും വാദിച്ചു. കുഞ്ഞിന്റെ അമ്മ ആദ്യം ഇതിനെ പിന്തുണച്ചെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് ഹര്ജിക്കാരനെതിരായി സത്യവാങ്മൂലം നല്കി.