നിയമന നിരോധനം എയ്ഡഡ് സ്കൂളുകളുടെ നിലവാരത്തെ ബാധിക്കുന്നു: മാർ തറയിൽ
Wednesday, January 15, 2025 2:22 AM IST
അതിരമ്പുഴ: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിലെ അധ്യാപകനിയമനം തടഞ്ഞിരിക്കുന്നത് എയ്ഡഡ് സ്കൂളുകളുടെ നിലവാരത്തെ ബാധിക്കുന്നുവെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ മഹത്വം ഉയർത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും ആരംഭിച്ചത്. സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുമ്പോൾ അതിനെ സഹായിക്കുന്ന നിലപാടുകൾ സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോഴും അതുണ്ടാകുന്നില്ല. എയ്ഡഡ് സ്കൂളുകൾ എന്തോ പാതകം ചെയ്യുന്നുവെന്ന ധാരണയാണ് സർക്കാരുകൾക്ക്. ഈ നിലപാട് പലപ്പോഴും മനസു മടുപ്പിക്കുന്നതായി മാർ തോമസ് തറയിൽ പറഞ്ഞു.
സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ അനുഗ്രഹ പ്രഭാഷണവും നടത്തി.
ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ റോയി പി. മാത്യു, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, പഞ്ചായത്ത് മെംബറും അധ്യാപകനുമായ ജോഷി ഇലഞ്ഞിയിൽ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ റോജി സി.സി., പിടിഎ പ്രസിഡന്റ് സന്തോഷ് കുര്യൻ, സ്കൂൾ ലീഡർ ഇസ ജോണി, എം.എം. സെബാസ്റ്റ്യൻ, ഷാജി തോമസ് പുല്ലുകാലാ എന്നിവർ പ്രസംഗിച്ചു.
ജൂബിലി സ്മാരകമായി ഒരു വിദ്യാർഥിനിക്ക് നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണെന്ന് സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിലും പ്രിൻസിപ്പൽ ബിനു ജോണും പറഞ്ഞു.
ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറും. ജൂബിലിയോടനുബന്ധിച്ച് ആവിഷ്കരിച്ച മറ്റ് പദ്ധതികളെല്ലാം പൂർത്തിയാക്കി. വിവിധ പദ്ധതികളുടെ സ്പോൺസർമാരെയും വിശിഷ്ട വ്യക്തികളെയും യോഗത്തിൽ ആദരിച്ചു.