ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാരം നൽകാൻ നടപടി
Wednesday, January 15, 2025 2:22 AM IST
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി ആശ്രിതർക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടികൾക്കു തുടക്കമായി. കാണാതാകുന്നവരെ മരിച്ചതായി കണക്കാക്കാൻ ഏഴു വർഷംവരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കി വേഗത്തിൽ നഷ്ടപരിഹാരവും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനാണു നടപടി.
ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കി പ്രാദേശികതല സമിതി ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കു സമർപ്പിക്കണം. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ അംഗങ്ങളായ സമിതിയാണു കാണാതായവരുടെ പട്ടിക തയാറാക്കേണ്ടത്.
ജില്ലാതല സമിതി ശിപാർശ ചെയ്യുന്നവരെ സംസ്ഥാനതലത്തിലെ സെക്രട്ടറിതല സമിതി സൂക്ഷ്മപരിശോധന നടത്തി റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കണം. തുടർന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കി അടുത്ത ബന്ധുക്കൾക്കു ധനസഹായം അനുവദിക്കാം.
സെക്രട്ടറിതല സംസ്ഥാന സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ, ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി മരണ സർട്ടിഫിക്കറ്റ് നൽകാനും നടപടിയെടുക്കാം. കാണാതായതുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോർട്ട് വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധു താമസിച്ചിരുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യണം.
കാണാതായത് മറ്റൊരു സ്ഥലത്താണെങ്കിൽ അവിടത്തെ പോലീസ് സ്റ്റേഷനിലേക്കു റഫർ ചെയ്യണം. കാണാതായതു സംബന്ധിച്ച് അടുത്ത ബന്ധു നൽകിയതും പബ്ലിക് നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലം സ്ഥിരരേഖയായി സൂക്ഷിക്കണം.
പ്രഥമ വിവര റിപ്പോർട്ട് ദുരന്തം നടന്ന സ്ഥലത്തിന്റെ ചുമതലയുള്ള തഹസിൽദാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്നിവരിൽ ആർക്കെങ്കിലും കൈമാറണം. കാണാതായ വ്യക്തിയെ സംബന്ധിച്ചു തഹസിൽദാർ- എസ്ഡിഎം വിശദമായ അന്വേഷണം നടത്തണം.
തുടർന്ന് താത്കാലിക നിഗമനം സംബന്ധിച്ച കാര്യകാരണസഹിതം ഉത്തരവിറക്കണം. താത്കാലിക തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ പട്ടിക തയാറാക്കി ദിനപത്രങ്ങളിലും ഔദ്യോഗിക ഗസറ്റിലും ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം. ആക്ഷേപാഭിപ്രായങ്ങൾക്ക് 30 ദിവസത്തെ സമയം അനുവദിക്കണമെന്നും നിർദേശത്തിലുണ്ട്.