വീടിന്റെ സൺഷേഡ് തകർന്ന് തൊഴിലാളി മരിച്ചു
Wednesday, January 15, 2025 2:21 AM IST
ഇരിട്ടി: വീടിന്റെ നിർമാണപ്രവൃത്തിക്കിടെ സൺഷേഡ് തകർന്നുവീണ് തൊഴിലാളി മരിച്ചു. തില്ലങ്കേരി മാമ്പ്രത്തെ ഗണപതിയാടൻ കരുണാകരൻ (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. മീത്തലെ പുന്നാട് യുപി സ്കൂളിനു പിൻവശത്തെ സൂര്യാലയത്തിൽ വി.കെ. ഭാസ്കരന്റെ വീടിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവൃത്തിക്കിടെയായിരുന്നു അപകടം.
രണ്ടാഴ്ച മുമ്പ് കോൺക്രീറ്റ് ചെയ്ത സൺഷേഡിന്റെ പലകയും തൂണും പൊളിച്ചുമാറ്റുന്നതിനിടയിൽ കൂറ്റൻ സ്ലാബ് പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ കരുണാകരൻ സ്ലാബിനും ഭിത്തിക്കും ഇടയിൽ കുടുങ്ങിപ്പോയി. ശബ്ദംകേട്ട് ഓടിയെത്തിയ വീട്ടുടമസ്ഥനും നാട്ടുകാരും സ്ലാബിനടിയിൽ കുടുങ്ങിയ കരുണാകരനെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ട് സ്ലാബ് നീക്കിയശേഷം കരുണാകരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു. കൂടെ ജോലി ചെയ്തിരുന്ന മീത്തലെ പുന്നാട്ടെ സുജി അപകടസമയത്ത് അകത്തെ മുറിയിലായതിനാൽ രക്ഷപ്പെട്ടു. പ്രസീതയാണ് മരിച്ച കരുണാകരന്റെ ഭാര്യ. മക്കൾ: പ്രവീൺ, അമൃത. മരുമക്കൾ: വിജിന, ഗിരീഷ്.