യുജിസി അതിരുകള്‍ ലംഘിക്കുന്നത് അസ്വീകാര്യം: മുഖ്യമന്ത്രി
Wednesday, January 15, 2025 2:21 AM IST
കളമശേരി: യുജിസി ചട്ടങ്ങള്പ്പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ പൊതുസര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യുജിസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭകള്‍ രൂപീകരിച്ച നിയമങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാന സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യുജിസിയുടെ നിയന്ത്രണങ്ങള്‍ ഈ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വകലാശാലയില്‍ ആരംഭിച്ച ദ്വിദിന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാരും യുജിസിയും ഇത്തരം നടപടികളില്‍നിന്നു വിട്ടുനില്‍ക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.
അധ്യാപക നിയമനങ്ങള്‍ക്കോ സമാനമായ കാര്യങ്ങള്‍ക്കോ മിനിമം യോഗ്യതകള്‍ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ല. അത്തരം നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു. എന്നിരുന്നാലും യുജിസി ഈ രീതിയില്‍ അതിന്റെ അതിരുകള്‍ ലംഘിക്കുന്നത് അസ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായിരുന്നു.