ജോണ്‍ കച്ചിറമറ്റത്തിന് ആര്.വി. തോമസ് പുരസ്കാരം
Wednesday, January 15, 2025 2:22 AM IST
പാലാ: സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന് ആര്.വി. സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് കാല് നൂറ്റാണ്ടുകാലം അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പിന്നീട് പ്രസിഡന്റും മലനാട് കര്‍ഷക യൂണിയന്റെ സ്ഥാപക നേതാവുമായിരുന്ന ജോണ്‍ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടു.
1961ല്‍ അയ്യപ്പന്‍കോവിലില്‍ കര്‍ഷകരെ സര്‍ക്കാര്‍ കുടിയിറക്കിയപ്പോള്‍ ഫാ. വടക്കനുമൊത്ത് അമരാവതിയില്‍ ഉപവാസ സമരത്തിനും വന്‍ കര്‍ഷക പ്രതിഷേധത്തിനും നേതൃത്വം നല്കിയ ജോണ്‍ കച്ചിറമറ്റം കാല് നൂറ്റാണ്ടുകാലം കത്തോലിക്കാ കോണ്‍ഗ്രസിന്റെ അമരക്കാരനെന്ന നിലയില്‍ സമുദായത്തിനും നേതൃത്വം നല്കി.
1959ല്‍ വിമോചനസമരത്തിന്റെ മുന്നിരനേതാവെന്ന നിലയില്‍ അറസ്റ്റിനും തടവുശിക്ഷയ്ക്കും വിധേയനായി. അറിയപ്പെടുന്ന ചരിത്രകാരനായ അദ്ദേഹം നൂറിലധികം ചരിത്ര- ജീവചരിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് ചെയര്‍മാനും ഡോ. ആര്.വി. ജോസ്, ഷെവ. വി.സി. സെബാസ്റ്റ്യന്‍ , ഡോ. ടി.വി. മുരളീവല്ലഭന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജോണ്‍ കച്ചിറമറ്റത്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ആര്.വി. സ്മാരക സമിതി കണ്‍വീനര്‍മാരായ ഡോ. സാബു ഡി. മാത്യുവും ഡോ. കെ.കെ. ജോസും അറിയിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി. തോമസിന്റെ എഴുപതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 22ന് വൈകുന്നേരം നാലിന് പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജോണ്‍ കച്ചിറമറ്റത്തിന് ആര്.വി. പുരസ്കാരം സമ്മാനിക്കും.
ആര്.വി. സ്മാരകസമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന് ഈ വര്‍ഷത്തെ ആര്.വി. തോമസ് സ്മാരക പ്രഭാഷണം നിര്‍വഹിക്കും.