നവകേരള സദസ് : പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം ചെലവഴിച്ചത് 2.86 കോടി
Wednesday, January 15, 2025 2:22 AM IST
കണ്ണൂർ: നവകേരള സദസിനു പരസ്യബോർഡ് സ്ഥാപിക്കാൻ മാത്രം 2.86 കോടി ചെലവെന്നു വിവരാവകാശ രേഖകൾ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയിലൂടെയാണു കണക്കുകൾ പുറത്തുവന്നത്.
സദസിന്റെ ഭാഗമായുള്ള കലാജാഥയ്ക്കു മാത്രം സ്വകാര്യ ഏജൻസിക്ക് നൽകിയത് 45 ലക്ഷം രൂപയാണ്. നവകേരള സദസ് സംബന്ധിച്ച് പല ചോദ്യങ്ങൾക്കും മറുപടിയില്ലെന്നതും, ലഭിച്ച മറുപടികളിലെ പൊരുത്തക്കേടുകളും പരിപാടിക്കു പിന്നിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ദുരൂഹതകൾ വർധിപ്പിക്കുകയാണെന്നും ഷമ്മാസ് ആരോപിക്കുന്നു.
2024 നവംബർ 25 ന് മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ, 2,86,49,306 രൂപ നവകേരള സദസിനു പരസ്യ ബോർഡ് സ്ഥാപിച്ച ഇനത്തിൽ ആകെ ചെലവ് വന്നെന്നും ഇതിൽ 2,31,49,306 രൂപ ഇനിയും നൽകാനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതേ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനു വീണ്ടും അപേക്ഷ നൽകിയപ്പോൾ, 2025 ജനുവരി ആറിന് ലഭിച്ച മറുപടിയിൽ ഇനി നൽകാൻ ബാക്കിയുള്ള തുക വ്യക്തമാക്കിയിട്ടില്ലെന്നു മാത്രമല്ല, പരിപാടി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ബില്ലുകൾ പരിശോധിച്ചുവരികയാണ് എന്നാണു മറുപടി ലഭിച്ചത്. അങ്ങനെയെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മാസം മുമ്പ് 2,31,49,306 രൂപ ഈ ഇനത്തിൽ നൽകാനുണ്ട് എന്നു മറുപടി നൽകി എന്നതും സംശയങ്ങളുയർത്തുന്നു.
നവകേരള സദസിനു പുറമേ നിലവിലെ മന്ത്രിസഭയുടെ കാലയളവിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ മാത്രം ഇതുവരെ ചെലവഴിച്ചത് ആറരക്കോടിയോളം രൂപയാണ്. ഇതിൽ ഭൂരിഭാഗം തുകയും സ്വകാര്യ ഏജൻസികൾക്കാണു നൽകിയിട്ടുള്ളതും. വൻ വിവാദങ്ങൾക്കിടയാക്കിയ കെ-റെയിൽ പരസ്യത്തിനായി ബോർഡ് സ്ഥാപിച്ച വകയിലുള്ള 10 ലക്ഷം രൂപയും ഇതിൽപെടുന്നു.
മണ്ഡല അടിസ്ഥാനത്തിൽ കോടികൾ പണപ്പിരിവ് നടത്തി സംഘടിപ്പിച്ച നവകേരള സദസിനായി പിരിച്ചെടുത്തതും ചെലവഴിച്ചതുമായ ഒരു കണക്കും നൽകാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽനിന്നു ധൂർത്തടിച്ചതിനു പുറമേ സദസിന്റെ പേരിൽ വ്യാപകമായ പണപ്പിരിവും നടന്നിരുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ധൂർത്ത് പരിപാടികളുടെ മറവിലുള്ള വലിയ കൊള്ളയാണു സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും പാവപ്പെട്ട രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സാ സഹായങ്ങൾ പോലും നൽകാതെ വലയ്ക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവരുമ്പോൾ കൈമലർത്തുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.