സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ കേരളം
ബിനു ജോർജ്
Monday, August 12, 2024 5:00 AM IST
കോഴിക്കോട്: മുൻകാലങ്ങളിൽ ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ കർഷകർ അടക്കമുള്ള സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം ദുഃസഹമാക്കിയെന്ന ആക്ഷേപത്തിനിടെ ഇത്തരം കരാറുകൾ മൂലം കേരളത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.
കൃഷി വകുപ്പ് ഡയറക്ടറുടെ അഭ്യർഥന പരിഗണിച്ച് കൃഷി വകുപ്പിനു കീഴിൽ ആറ് അംഗങ്ങളടങ്ങിയ സമിതിയാണു രൂപീ കരിച്ചത്. സ്വതന്ത്ര വ്യാപാര കരാറുകൾ കേരളത്തിന്റെ ഏതെല്ലാം മേഖലകളെ ബാധിക്കുന്നുവെന്നു പഠിച്ച് ഇതുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കുകയെന്നതും വിദഗ്ധ സമിതിയുടെ ലക്ഷ്യമാണ്. ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് പഠിച്ചു നാലു മാസത്തിനകമാണ് സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
മേയ് അഞ്ചിന് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചു പഠിക്കാൻ സമിതി രൂപീകരിക്കുന്ന വിഷയം ചർച്ച ചെയ്തത്. കൃഷിവകുപ്പ് സ്പെഷൽ ഓഫീസർ, കൃഷി വകുപ്പ് ഡയറക്ടർ, മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ, സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ (റിസർച്ച്), സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ എന്നിവരെ സമിതി അംഗങ്ങളായി ശിപാർശ ചെയ്തുകൊണ്ടുള്ള കൃഷി വകുപ്പ് ഡയറക്ടറുടെ പ്രപ്പോസൽ സർക്കാർ അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ മുൻകാലങ്ങളിൽ ഒപ്പുവച്ച രാജ്യാന്തര കരാറുകളുടെ പരിണത ഫലം കേരളം വിവിധ മേഖലകളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പഠനം നടത്താൻ സംസ്ഥാന കൃഷി വകുപ്പ് മുൻകൈഎടുത്തത്.
1998 ഡിസംബറിൽ കേന്ദ്ര സർക്കാർ ഒപ്പുവച്ച ഇൻഡോ- ശ്രീലങ്കൻ സ്വതന്ത്ര വ്യാപാര കരാർ (ഐഎസ്എഫ്ടിഎ) 2000 മാർച്ചിൽ പ്രാബല്യത്തിലായതോടെ കേരളത്തിൽ തോട്ടം - കാർഷിക മേഖലയാണു തകർന്നത്. തേയില, കുരുമുളക്, കാപ്പി, റബർ, ഏലം, നാളികേരം എന്നിവയുടെ അനിയന്ത്രിതമായ ഇറക്കുമതിക്കാണ് ഈ കരാർ വഴിതെളിച്ചത്. ഇതുകണ്ടിട്ടും പാഠം പഠിക്കാതെ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യ ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു.
ഇതിന്റെ മറവിൽ ഇന്ത്യൻ വിപണിയിലേക്കു തോട്ടവിളകളും സുഗന്ധദ്രവ്യങ്ങളും എണ്ണക്കുരുകളും മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നു സുലഭമായി കടന്നുവന്നതോടെ ഇന്ത്യൻ കാർഷികമേഖല തകർച്ചയിലേക്കു കുപ്പുകുത്തുകയായിരുന്നു.
ഏറ്റവുമൊടുവിൽ ഇന്ത്യൻ ആഭ്യന്തര വിപണിയിലേക്കു നികുതിരഹിതമായി ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിനു വഴിതെളിക്കുമായിരുന്ന ആർസിഇപി (റീജണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്) കരാർ ഇന്ത്യയെ ഭീകരമായ അപകടത്തിലേക്കു നയിക്കുമെന്ന ആശങ്കയ്ക്കിടെ മോദി സർക്കാർ ഈ കരാറിൽ ഒപ്പിടാൻ തയാറായില്ല.
ആർസിഇപി ഇന്ത്യൻ ആഭ്യന്തര വിപണിയെ നിലംപരിശാക്കുമെന്ന സാന്പത്തിക ഉപദേഷ്ടാക്കളുടെ കൃത്യമായ മുന്നറിയിപ്പാണ് കരാറിൽനിന്നു പിൻതിരിയാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. വിദഗ്ധ സമിതി മുഖാന്തരം ഇതുപോലുള്ള പഠന റിപ്പോർട്ടുകളിലൂടെ ഭാവിയിൽ കേന്ദ്രത്തെ കേരളത്തിന്റെ ആശങ്ക അറിയിക്കാനാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.