സഹകരണ സ്ഥാപനങ്ങളിൽ ചിട്ടിക്കു പകരം മാസസമ്പാദ്യ പദ്ധതി
പി. ജയകൃഷ്ണൻ
Monday, August 12, 2024 4:50 AM IST
കണ്ണൂർ: സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഇനി ചിട്ടിക്കു പകരം പ്രതിമാസ സമ്പാദ്യ പദ്ധതിയൊരുക്കി സഹകരണ വകുപ്പ്. വിവിധ സഹകരണ സ്ഥാപനങ്ങൾ നടപ്പിലാക്കി വരുന്ന മാസ നിക്ഷേപം, ഗ്രൂപ്പ് നിക്ഷേപം എന്നീ പേരുകളിൽ അറിയപ്പെടുന്ന എല്ലാ നിക്ഷേപ പദ്ധതികളും ഇനി പ്രതിമാ സ സമ്പാദ്യ പദ്ധതി (എംഎസ്എസ്) എന്ന പേരിൽ മാത്രമായിരിക്കണമെന്നാണു നിർദേശം. സഹകരണ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽക്കൂടിയാണു പുതിയ നിക്ഷപ പദ്ധതി. നിലവിൽ എംഡിഎസ്/ജിഡിഎസ്/ജിഡിസിഎസ് മുതലായ പേരുകളിൽ നടത്തുന്ന പദ്ധതിക്കു പകരമായി പുതിയ പദ്ധതി തുടങ്ങാൻ സഹകരണവകുപ്പിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ നിക്ഷേപത്തിൽ ചിട്ടിക്കു സമാനമായി ലേലവും നറുക്കെടുപ്പും ഉണ്ടാകും. എങ്കിലും ഈ നിക്ഷേപപദ്ധതിയെ ചിട്ടിക്കു സമാനമായ പദ്ധതിയാണെന്നുള്ള രീതിയിൽ പരസ്യങ്ങൾ നൽകാനോ ചിട്ടിയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിക്കാനോ പാടില്ലെന്നു സർക്കുലറിൽ നിർദേശിക്കുന്നു.
ലേലത്തുകയ്ക്കു ജാമ്യം നല്കണം. തവണ മുടക്കിയാൽ പലിശ ഈടാക്കും. ബാങ്കുകളിലെ അംഗങ്ങൾക്കു മാത്രമാണ് പദ്ധതിയിൽ ചേരാനാകുക. നിക്ഷേപം മുടക്കുന്ന അംഗങ്ങൾക്ക് അടച്ച തുക മാത്രമാകും തിരിച്ചുനല്കുക. ഇതിനു പകരം ഉൾപ്പെടുന്നയാൾ കുടിശിക ഒരുമിച്ചുനല്കണം. പ്രതിമാസ സമ്പാദ്യ പദ്ധതിയിൽ ചേരുന്ന വ്യക്തികൾ ബാങ്കിന്റെ നാമമാത്ര അംഗത്വമെങ്കിലും എടുക്കണം എന്നാണു വ്യവസ്ഥ.
ഒരു എംഎസ്എസ് പദ്ധതിയിൽ ഒരു വ്യക്തിക്കു ചേരാവുന്ന പരമാവധി എണ്ണം പ്രസ്തുത പദ്ധതിയുടെ ആകെ തവണകളുടെ 10 ശതമാനം അല്ലെങ്കിൽ അഞ്ച് എണ്ണം ഇതിൽ ഏതാണോ കുറവ് അതായിരിക്കും. പരമാവധി 25 ലക്ഷം രൂപവരെയുള്ള പ്രതിമാസ പദ്ധതിക്കാണ് അനുമതി.
തുക കൈപ്പറ്റിയ നിക്ഷേപകൻ തുടർച്ചയായി തവണ തുകയിൽ മുടക്കം വരുത്തിയാൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നു വ്യവസ്ഥ ചെയ്യണമെന്നും മാർഗരേഖയിൽ ഉണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാതെ ചിട്ടി നടത്തുന്നുവെന്നു രജിസ്ട്രേഷൻ വകുപ്പ് സഹകരണവകുപ്പിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ സംവിധാനം. കൂടാതെ സഹകരണ സ്ഥാപനങ്ങൾ നടത്തുന്നതും കാലാവധി അവസാനിച്ചതുമായ എംഎസ്എസ് പദ്ധതികളിലെയും നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികളിലെയും നിലവാരം വിലയിരുത്തിയതിന് ശേഷമേ പുതിയ പദ്ധതികൾക്ക് അംഗീകാരം നല്കുകയുള്ളൂ.
ക്രമക്കേടുകൾ വ്യാപകം
യഥാസമയം വാർഷിക ഓഡിറ്റിംഗ് നടക്കാത്തതിനാൽ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. ചിട്ടിയുടെ തുക പിരിഞ്ഞു കിട്ടും മുമ്പേ സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽനിന്നു ചിട്ടിത്തുക നല്കുന്നതിനാൽ ധനശേഖരണത്തിൽ കുറവ് വരുന്നു. പലപ്പോഴും ലാഭ -നഷ്ടങ്ങൾ പരിശോധിക്കുന്നത് ചിട്ടിയുടെ സമയപരിധി കഴിഞ്ഞാണ്. ഇത് പല സംഘങ്ങളും നഷ്ടത്തിലാകാൻ ഇടയാക്കുന്നു.
നടത്തിവരുന്ന ഇടപാടുകൾ എഴുതി സൂക്ഷിക്കുന്നതിൽ ഏകീകൃത സ്വഭാവം ഇല്ലെന്നാണ് ഓഡിറ്റിംഗിലെ കണ്ടെത്തൽ. കണക്കുകൾ തെറ്റായി ബാക്കിപത്രത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നതുമൂലം സംഘങ്ങളുടെ യഥാർഥ സാമ്പത്തിക സ്ഥിതി വെളിവാക്കുന്നില്ലെന്നതും നിയന്ത്രണം വരുത്താൻ കാരണമായിട്ടുണ്ട്.
വാർഷിക ഓഡിറ്റിംഗ് നിർബന്ധം
ക്രമക്കേടുകൾ തടയുന്നതിനും യഥാസമയം വീഴ്ചകൾ കണ്ടെത്തുന്നതിനുമായി വാർഷിക ഓഡിറ്റിംഗ് നിർബന്ധമാക്കി. ഇടപാടുകൾ നടത്തുന്ന സഹകരണ സംഘങ്ങൾ/ബാങ്കുകൾ പിന്തുടരേണ്ട ഏകീകൃത വ്യവസ്ഥകൾ, കണക്കെഴുത്ത് രീതി, ബാക്കിപത്രത്തിൽ പ്രസ്തുത ഇടപാടിലെ ബാക്കിനിൽപ്പ് രേഖപ്പെടുത്തേണ്ട രീതി എന്നിവയിലെല്ലം വ്യക്തത വരുത്തണമെന്നാണ് നിർദേശം.