മോദിയുടേത് വികൃത തമാശ: മണിപ്പുര്‍ എംപി അംഗോംച
Monday, August 12, 2024 4:50 AM IST
കൊച്ചി: സ്വന്തം രാജ്യത്തെ ജനങ്ങളെ മിണ്ടാന്‍ അനുവദിക്കാത്ത മോദി അയല്‍രാജ്യങ്ങളെ ആശ്വസിപ്പിക്കുന്ന കാഴ്ച വികൃതമായ തമാശയാണെന്ന് മണിപ്പുര്‍ എംപി ഡോ. അംഗോംച ബിമൊല്‍ അകൊയ്ജം. യുക്രെയ്നില്‍ വരെ പോയ മോദിക്കു ദൗര്‍ഭാഗ്യവശാല്‍ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെയും സമയമായില്ല. കലാപത്തിനുള്ള മൗനാനുവാദവും കലാപസമയത്തെ ഈ രാജ്യസേവകന്റെ മഹാമൗനവും സംഘപരിവാറിന്റെ മന് കി ബാത്താണ് ഇതിനെല്ലാം പുറകിലെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
സബര്‍മതി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മണിപ്പുര്‍ മനസറിയാം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മണിപ്പുരിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായിരുന്ന തെരഞ്ഞെടുപ്പില്‍ ഞാനല്ല മണിപ്പുരിലെ മനുഷ്യരാണ് ജയിച്ചത്. ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് അവര്‍ തകര്‍ത്തത്.
കോളനി ഭരണത്തിനെതിരേ ജാതിമത സാംസ്കാരിക ചിന്തകള്‍ക്കതീതമായി ജനങ്ങളെ കൂട്ടിച്ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞതുപോലെയാണ് ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ മണിപ്പുര്‍ ജനത തോല്‍പ്പിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലാണ് കലാ-സാംസ്കാരിക-അക്കഡേമിക് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഞാനും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
താരതമ്യം പോലും സാധ്യമാകാത്ത തരത്തില്‍ മണിപ്പുരില്‍ നടന്ന കാര്യങ്ങള്‍ നാളെ ഇന്ത്യയില്‍ എവിടെയും നടക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിന് വട്ടോളി, സംവിധായകന് ജോഷി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.