മുണ്ടക്കൈ, വിലങ്ങാട് ദുരന്തം: ഹ്രസ-ദീർഘകാല സഹായ പദ്ധതികളുമായി കത്തോലിക്കാസഭ
Monday, August 12, 2024 4:50 AM IST
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാടുമുണ്ടായ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഹ്രസ്വ - ദീർഘകാല പദ്ധതികളുമായി കത്തോലിക്കാസഭ രംഗത്ത്. സർക്കാരിനൊപ്പം ചേർന്ന് സിബിസിഐ, കാരിത്താസ് ഇന്ത്യ, ശ്രേയസ്, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ സഹകരണത്തോടെ മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട്, കോട്ടയം, താമരശേരി രൂപതകളാണു സഹായമെത്തിക്കുന്നത്.
കെസിബിസി നൂറു വീടുകൾ നിർമിച്ചുനൽകും. കൂടാതെ വീട്ടുപകരണങ്ങൾ, ജീവനോപാധി പദ്ധതികൾ, കൗണ്സലിംഗ് സപ്പോർട്ട്, കുട്ടികളുടെ വിദ്യാഭ്യാസ സഹായം, താത്കാലിക താമസ സൗകര്യം എന്നിവ ഒരുക്കി നൽകും. തുടർ സഹായ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനായി നാളെ മാനന്തവാടി ദ്വാരകയിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ യോഗം ചേരും.
യോഗത്തിൽ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുമെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നും സിബിസിഐ, കാരിത്താസ് ഇന്ത്യ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തമുണ്ടായ സമയംമുതൽ രക്ഷാപ്രവർത്തനത്തിലും തുടർസഹായങ്ങൾ എത്തിക്കാനും സഭയ്ക്കായെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. ജോളി പുത്തൻപുര, അസി.ഡയറക്ടർ ഫാ. ആന്റണി ഫെർണാണ്ടസ്, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, സിആർഎസ് ഡയറക്ടർ സെന്തിൽകുമാർ, ഇൻസ്പയർ ഡയറക്ടർ രേവതി, ഡോ. ഹരിദാസ്, കെ.വി. ഷാജി എന്നിവർ പങ്കെടുത്തു.