നവജാത ശിശുവിനെ കുഴിച്ചുമൂടി; രണ്ടു പേര് കസ്റ്റഡിയില്‍
Monday, August 12, 2024 4:50 AM IST
അമ്പലപ്പുഴ/പൂച്ചാക്കല്‍: തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടി. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവന് അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പെണ്‍സുഹൃത്ത് കഴിഞ്ഞ ഏഴിനു പ്രസവിച്ച പെണ്‍കുഞ്ഞിനെയാണ് പ്രതികള്‍ മറവു ചെയ്തത്.
മറവു ചെയ്തത് തകഴിയില്‍
തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനിയില്‍ മറവുചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വൈകിട്ട് 3.30 ഓടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. നൂറുകണക്കിന് പേര് തടിച്ചു കൂടിയതിനാല്‍ ഓട്ടോറിക്ഷയില്‍ മുഖം മൂടി ധരിപ്പിച്ച് തോമസ് ജോസഫിനെ മാത്രമാണ് സ്ഥലത്ത് എത്തിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ എത്തിയ ശേഷമാണ് പ്രതിയെ പുറത്തിറക്കിയത്.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജഷ്, ചേര്‍ത്തല ഡിവൈ എസ്പി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കുട്ടനാട് തഹസീല്‍ദാര്‍ ജയേഷിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടിക്കായി ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി.
ശിശുവിനെ ആണ്‍സുഹൃത്തിനു കൈമാറി
ഓഗസ്റ്റ് ഏഴാം തീയതി വീട്ടില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
മരണം പുറംലോകമറിഞ്ഞത് ഡോക്ടറുടെ സംശയംമൂലം
നവജാത ശിശുവിന്റെ ദുരൂഹ മരണം പുറംലോകമറിഞ്ഞത് ഡോക്ടറുടെ സംശയംമൂലം. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളം പാലാരിവട്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. അവിടെ, ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.
കൊലപാതകമാണോ എന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം
കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തില്‍ മരിച്ചതാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്ഫോറന്സിക് സയന്‍സ് കോഴ്സ് പഠിക്കുമ്പോഴാണ് അവിടെ ഹോട്ടല്‍ മാനേജ്മെന്റ്് കോഴ്സിന് പഠിക്കുന്ന തോമസുമായി യുവതി പ്രണയത്തിലായത്. ഒന്നരവര്‍ഷമായി തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ താല്‍ക്കാലിക ജോലിചെയ്തുവരികയായിരുന്നു യുവതി.