കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ തടവുകാരൻ പിടിയിൽ
Monday, August 12, 2024 4:50 AM IST
അയ്യന്തോൾ: തൃശൂർ സിജെഎം കോടതി മുറിയിൽനിന്നു രക്ഷപ്പെട്ട പ്രതിയെ സമുദ്രാതിർത്തിയിൽനിന്നു ശ്രീലങ്കൻ നാവികസേന പിടികൂടി. ശ്രീലങ്കൻ സ്വദേശിയായ അജിത്ത് കിഷൻ പെരേരയാണ് മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്കു കടക്കുന്നതിനിടെ നാവികസേനയുടെ പിടിയിലായത്. ദുരൂഹസാഹചര്യത്തിൽ ബോട്ട് കണ്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്.
ബോട്ടിലെ ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. നാവികസേനയുടെ പിടിയിലായ അജിത്തിനെ ശ്രീലങ്കയിലെ ആശുപത്രിയിലേക്കു മാറ്റി. രാജ്യാന്തര ഉടന്പടി പ്രകാരം ഇന്ത്യയിൽ എത്തിക്കാൻ നീക്കം തുടങ്ങി.
മയക്കുമരുന്നു കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ അജിത്ത് പെരേര ജൂലൈ ഒന്നിനാണ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. ജയിലിൽ മൊബൈൽ ഫോണ് ഉപയോഗിച്ച കേസിൽ വിയ്യൂർ പോലീസ് എടുത്ത കേസിന്റെ വിചാരണയ്ക്ക് എത്തിച്ചപ്പോൾ കോടതി ചട്ടപ്രകാരം ഇയാളുടെ വിലങ്ങഴിച്ചിരുന്നു. മുറിയിൽകടന്ന് അൽപം കഴിഞ്ഞപ്പോൾ വൈദ്യുതിമുടങ്ങിയ തക്കംനോക്കിയാണ് ഇയാൾ കടന്നുകളഞ്ഞത്.
ഒളരി പള്ളിക്കു സമീപത്തുനിന്നു സൈക്കിൾ മോഷ്ടിച്ച ഇയാൾ വാടാനപ്പിള്ളി, കൊടുങ്ങല്ലൂർ, വരാപ്പുഴ പാലംവഴി കൊച്ചിവരെയെത്തി. നൂറിലേറെ സിസിടിവികൾ പരിശോധിച്ചാണ് ഇയാൾ പോയവഴി കണ്ടെത്തിയത്. മട്ടാഞ്ചേരി പെട്രോൾ പന്പിലെ ശുചിമുറി ഉപയോഗിച്ചശേഷം മൂന്നുദിവസം ബോട്ട് ജെട്ടിയിലും മറ്റുമായി കഴിഞ്ഞു. ജൂലൈ 27ന് ഇവിടെനിന്നു മുങ്ങി. പൊങ്ങിയത് തിരുവനന്തപുരത്തും കന്യാകുമാരിയിലും. ചില ഹോട്ടലുകളിൽ ജോലി ചെയ്തശേഷം മോഷ്ടിച്ച ബോട്ടുമായി ശ്രീലങ്കയിലേക്കു കടക്കുകയായിരുന്നു.
ഫോർട്ട് കൊച്ചി പോലീസാണ് ഇയാളെ ആദ്യം സിന്തറ്റിക് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച ലഹരിമരുന്നു കടത്തുകേസിലെ മുഖ്യകണ്ണിയായിരുന്നു ഇയാൾ. ജയിൽമാറ്റത്തെ തുടർന്ന് തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.