വഖഫ് ഫണ്ട് തിരിമറി: ലീഗ് നേതാവ് കെ.പി. താഹിറിനെതിരേ എടുത്ത കേസ് റദ്ദാക്കി
Monday, August 12, 2024 4:50 AM IST
കണ്ണൂർ: വഖഫ് ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തി എന്ന ആരോപണത്തിൽ മുസ്ലിം ലീഗ് നേതാവ് കെ.പി. താഹിറിനെതിരായി എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ പുറത്തിൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കെയായിരുന്നു ആരോപണം.
ജമാഅത്തിന്റെ കണക്കുകളിൽ കൃത്രിമം നടത്തി ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും അത് തിരിച്ചുപിടിക്കണമെന്നും താഹിറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നുമാവശ്യപ്പെട്ട് വഖഫ് ബോർഡ് ഇറക്കിയ ഉത്തരവിനെതിരേയാണ് വിധി.
പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും നിലവിൽ ജമാഅത്ത് പ്രസിഡന്റുമായ കെ.പി. താഹിർ നൽകിയ ഹർജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഹർജിക്കാരനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ജമാഅത്ത് കമ്മിറ്റിയുടെ പരാതിയിൽ നേരത്തേ താഹിറിനെതിരേ കേസെടുത്ത ചക്കരക്കൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2010-15 കാലയളവിലെ കണക്കുകൾ 2017ൽ സംസ്ഥാന വഖഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ മേൽനോട്ടത്തിൽ ബോർഡിന്റെ ഗവ. അംഗീകൃത എംപാനൽ ഓഡിറ്റേഴ്സ് ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോർട്ട് 2018ൽ ബോർഡ് അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് 2019 മാർച്ചിൽ പരാതിക്കാർ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചതോടെ യാണ് വീണ്ടും ഓഡിറ്റ് നടത്തി താഹിറിനെതിരേ നടപടിയെടുക്കാൻ നിർദേശിച്ചത്. എന്നാൽ വഖഫ് നിയമത്തിലെ വകുപ്പ് 47, 48 പ്രകാരം ഒരിക്കൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും അത് വഖഫ് ബോർഡ് അംഗീകരിക്കുകയും ചെയ്താൽ പിന്നെ സംസ്ഥാന സർക്കാരിനോ പോലീസിനോ വീണ്ടും ഓഡിറ്റ് നിർദേശിക്കാൻ അനുവാദമില്ല.
ഈ നിയമം മറികടന്നാണ് താഹിറിൽനിന്ന് ഒന്നരക്കോടി രൂപ ഈടാക്കാനും ക്രിമിനൽ കേസ് എടുക്കാനും ഉത്തരവിട്ടത്. കാലാകാലങ്ങളിൽ മാറി വരുന്ന ജമാഅത്ത് കമ്മിറ്റികൾ തങ്ങളുടെ എതിരാളികൾക്ക് എതിരേ വൈരാഗ്യം തീർക്കാനായി പരാതികൾ നല്കുന്നതായും അത്തരത്തിൽ ലഭിക്കുന്ന പരാതികൾ ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ.