ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി
Sunday, August 11, 2024 2:24 AM IST
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രിയോടാണ് മുഖ്യമന്ത്രി ഈ അഭ്യർഥന നടത്തിയത്.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനു സാന്പത്തിക പിന്തുണയും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനു സഹായവും കേരളത്തിനാവശ്യമാണ്.
നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്.
പ്രാഥമിക, ദീർഘകാല സഹായം ആവശ്യമാണ്. വിശദമായ നിവേദനം സംസ്ഥാനം കേന്ദ്രസർക്കാരിന് പിന്നീട് സമർപ്പിക്കും. ഉരുൾപൊട്ടലിന്റെ പ്രാഥമിക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.