ജീവോത്സവമായി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ്
Sunday, August 11, 2024 2:24 AM IST
സെബി മാളിയേക്കൽ
തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി അന്തർദേശീയ തലത്തിൽ ഓഗസ്റ്റ് പത്തിനു നടത്തുന്ന മാർച്ച് ഫോർ ലൈഫിന്റെ ഇന്ത്യൻ പതിപ്പ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ചരിത്രമായി.
കേരളത്തിൽ ആദ്യമായി നടന്ന ജീവസംരക്ഷണറാലി സമ്മേളനവേദിയായ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽനിന്നാരംഭിച്ച് തേക്കിൻകാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തിൽതന്നെ സമാപിച്ചു.
ബാൻഡ് വാദ്യത്തിനും അനൗണ്സ്മെന്റ് വാഹനത്തിനും പിന്നിലായി ബാനർ. ശേഷം ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, അന്തർദേശീയ, ദേശീയ പ്രതിനിധികൾ എന്നിവർ അണിനിരന്നു. തുടർന്ന് കേരളത്തിലെ വിവിധ രൂപതകളിൽനിന്നെത്തിയ പ്രതിനിധികൾ.
തൃശൂർ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും വിശ്വാസികളും മഹാറാലിയിൽ പങ്കെടുത്ത് ജീവസംരക്ഷണ മുദ്രാവാക്യങ്ങളുയർത്തി. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും റാലിക്കു മിഴിവേകി.
റാലിയുടെ സമാപനത്തിൽ അടുത്തവർഷം ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് നടക്കുന്ന ബാംഗളൂരു പട്ടണത്തിനായി ബാംഗളൂർ അതിരൂപത അധികാരികൾ പതാക ഏറ്റുവാങ്ങി.
രാവിലെമുതൽ ദേശീയ പ്രതിനിധികൾക്കും സംസ്ഥാന പ്രതിനിധികൾക്കുമായി പ്രത്യേകം സെമിനാറുകൾ നടന്നു. തുടർന്നു നടന്ന സീറോ മലബാർ ക്രമത്തിലെ വിശുദ്ധകുർബാനയ്ക്കു സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. അമരാവതി ബിഷപ് ഡോ. മാൽക്കം പോളികാർപ്പ് വചനസന്ദേശം നൽകി.