ആദ്യം തിരക്കിയത് വിദ്യാർഥികളെപ്പറ്റി
Sunday, August 11, 2024 1:22 AM IST
കൽപ്പറ്റ: കാർ മാർഗം കൽപ്പറ്റയിൽനിന്നു ചൂരൽമല ഹൈസ്കൂൾ റോഡിലെത്തിയ പ്രധാനമന്ത്രി ആദ്യം തിരക്കിയത് ദുരന്തബാധിതരായ വിദ്യാർഥികളുടെ കാര്യം.
ദുരന്തമേഖലയിൽ എത്തിയ പ്രധാനമന്ത്രി വെള്ളാർമല സ്കൂൾ കാണണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. ഉരുൾപൊട്ടലിൽ മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമലയിലെ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾ തകർന്നിരുന്നു.
രണ്ടു വിദ്യാലയങ്ങളിലെയും പഠിതാക്കളിൽ 43 പേരാണ് മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ പട്ടികയിലുള്ളത്. ഇതിൽ 32 പേർ വെള്ളാർമല സ്കൂളിലുള്ളവരായി രുന്നു. മറ്റുള്ളവർ മുണ്ടക്കൈ സ്കൂളിലെ പഠിതാക്കളും. ദുരന്തത്തിൽ പരിക്കറ്റ വിദ്യാർഥികൾ നിരവധിയാണ്.
സ്കൂളും പ്രദേശത്തു തകർന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്നാണ് ആദ്യം കണ്ടത്. ഇതിനുശേഷം വെള്ളാർമല സ്കൂൾ ഭാഗത്തു നടന്നെത്തിയ അദ്ദേഹം കുട്ടികൾക്കുണ്ടായ പ്രശ്നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട കുട്ടികൾ, അവരുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങൾ ചീഫ് സെക്രട്ടറി വി. വേണുവിനോട് ചോദിച്ചറിഞ്ഞു.
ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. ദുരന്തമേഖലയിലെ സാഹചര്യം എഡിജിപി എം.ആർ. അജിത്കുമാർ വിശദീകരിച്ചു. സ്കൂൾ റോഡിൽ മണ്ണിനടിയിലായ ഭാഗം അര കിലോമീറ്ററിലധികം നടന്നു കണ്ടശേഷമാണ് പ്രധാനമന്ത്രി ബെയ്ലി പാലത്തിലൂടെ മുണ്ടക്കൈ റോഡ് ഭാഗത്തെത്തി രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈനികരും ഉദ്യോഗസ്ഥരുമായി സംസാരിച്ചത്.
ചൂരൽമലയെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡും പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. ഈ സാഹചര്യത്തിൽ ചൂരൽമലയെ മുണ്ടക്കൈ റോഡുമായി ബന്ധിപ്പിച്ച് മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ് നിർമിച്ചതാണ് 190 അടി നീളമുള്ള ബെയ്ലി പാലം. ഉച്ചകഴിഞ്ഞ് 2.10 നാണ് പ്രധാനമന്ത്രി ചൂരൽമലയിൽനിന്നു മടങ്ങിയത്.