മുണ്ടക്കൈയിലെ ഓട്ടോ ഡ്രൈവർ പ്രശോഭിന്റെയും ഹാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി വിജയലക്ഷ്മിയുടെയും മകളാണ് ഈ കുട്ടി. ഉരുൾപൊട്ടലിൽ അവന്തികയുടെ അമ്മയും 14 വയസുള്ള സഹോദരൻ അച്ചുവും മരിച്ചു. അച്ഛൻ പ്രശോഭിനെ കണ്ടെത്താനായില്ല. മുത്തശ്ശി ലക്ഷ്മിയാണ് അവന്തികയ്ക്കു ജീവിതത്തിൽ ഇനി ആശ്രയം. വീട്ടുജോലിക്കാരിയായ ഇവർ ദുരന്തമുണ്ടായപ്പോൾ മലപ്പുറത്ത് ജോലിസ്ഥലത്തായിരുന്നു.
ഒഴുക്കിൽപ്പെട്ട് അവന്തികയുടെ വലതുകാൽ ഒടിഞ്ഞു. മുഖം ഉൾപ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റു. കിടക്കയ്ക്ക് അരികിൽ ചേർന്നുനിന്ന് മുഖത്തും ശിരസിലും തഴുകിയാണ് പ്രധാനമന്ത്രി അവന്തികയെ ആശ്വസിപ്പിച്ചത്.
ക്രൊയേഷ്യയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ അപകടത്തിൽപ്പെട്ട മുണ്ടക്കൈയിലെ അനിൽ രണ്ടര വയസുള്ള ആണ്‍കുട്ടി ശ്രീനിഹാലിനെ നഷ്ടപ്പെട്ടതിന്റെ വേദന പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ഉരുൾപൊട്ടലിൽ അനിലിന്റെ ഭാര്യ മൈസൂരു കെആർ പേട്ട് സ്വദേശിനി ജാൻസിക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ഒഡീഷ സ്വദേശിനിയായ സുകൃതി വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ നാലംഗ സംഘത്തിൽപ്പെട്ടതാണ്. ഇവരെയും പ്രധാനമന്ത്രി ആശ്വ സിപ്പിച്ചു.