കൂട്ടിക്കല്‍ ഉരുള്‍ദുരന്തം : ദുരിതമൊഴിയാതെ മലയോരജനത
Sunday, August 11, 2024 1:22 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: മുണ്ടക്കയം മലയോരങ്ങളെ വിഴുങ്ങിയ കൂട്ടിക്കല്‍ ഉരുള്‍ ദുരന്തം മൂന്നാം വാര്‍ഷികത്തിലും പുനരധിവാസവും പുനര്‍നിര്‍മാണവും ഇഴയുന്നു. 2021 ഒക്ടോബര്‍ 16ന് കൂട്ടിക്കല്‍, കാവാലി, കൊക്കയാര്‍ കുന്നോരങ്ങളെ തകര്‍ത്തെറിഞ്ഞ മലവെള്ളപ്പാച്ചിലില്‍ 21 പേര്‍ക്കു ജീവന് നഷ്ടമായി.
നൂറു കണക്കിനു വീടുകള്‍ ഒലിച്ചുപോയി. പല വീടുകളും വാസയോഗ്യമല്ലാതായി. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളെയും പ്രളയം വകഞ്ഞെടുത്തു.
സന്നദ്ധ സംഘടനകള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയെങ്കിലും സര്‍ക്കാരും പ്രാദേശിക ഭരണകൂടവും നടപ്പാക്കേണ്ട റോഡ്, പാലം നിര്‍മാണങ്ങളും അറ്റകുറ്റപ്പണികളും മന്ദഗതിയിലാണ്. ഇളങ്കാട് പാലം വൈകുന്നത് മലയോര ജനതയെ ഒറ്റപ്പെട്ട നിലയിലാക്കി.
കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്തിലെ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഭാഗികമായി പൂര്‍ത്തിയാക്കിയെങ്കിലും പാലങ്ങളുടെ പണി ഇരുകര കൂട്ടിമുട്ടിയിട്ടില്ല. സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി 600 മുതല്‍ 800 ചതുരശ്ര അടിവരെ വിസ്തൃതിയുള്ള 150 വീടുകള്‍ പൂര്‍ത്തീകരിച്ചു കൈമാറിയിട്ടുണ്ട്.
ഏതാനും വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലുമാണ്. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം വൈകുന്നത് പ്രദേശ വാസികളെ ഇരു കരകളില്‍ ഒറ്റപ്പെടുത്തി.
4.77 കോടി രൂപ മുടക്കിയാണു പാലം നിര്‍മിക്കുന്നത്. നിലവില്‍ വടക്കേമല, മുക്കുളം, വെംബ്ലി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കിലോമീറ്ററുകള്‍ ചുറ്റണം. ചെറുതും വലുതുമായ 17 പാലങ്ങളാണു പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നത്.
മ്ലാക്കര പാലം മാത്രമാണു പൂര്‍ത്തിയാക്കി തുറന്നു കൊടുത്തത്. പല പാലങ്ങളുടെയും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. വല്യേന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ് നിവാസികളുടെ ആശ്രയമായിരുന്ന ഇളങ്കാട് ടൗണ്‍ പാലം വൈകുന്നതിനാല്‍ ചെറുതല്ല ദുരിതം.
ഈ പാലത്തിന് 70 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നു പണി നിര്‍ത്തിവച്ചിരുന്നു. പണികൾ പുനരാരംഭിച്ചെങ്കിലും കാലവര്‍ഷത്തില്‍ വീണ്ടും മുടങ്ങിയിരിക്കുന്നു.
നിലവില്‍ കൊടുങ്ങ റോഡിലൂടെ നാലു കിലോമീറ്റര്‍ അധികം സഞ്ചരിക്കണം മറുകരയെത്താന്‍. ഇളങ്കാട് പാലത്തിനു മറുകരയില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം താത്കാലിക പാലത്തിലൂടെ ടൗണിലെത്തി യാത്ര തുടരേണ്ട സാഹചര്യമാണ്.
സമ്മര്‍ദ ഭീഷണിയുമായി പാറമട, ഭൂമാഫിയകൾ
കൂറ്റന്‍ പാറമടകളും കുന്നോരങ്ങളിലെ അശാസ്ത്രീയ നിര്‍മാണങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ ഭീഷണികള്‍ പാറമട, ഭൂമാഫിയകള്‍ നടത്തുന്നുണ്ട്. വല്യേന്ത-വാഗമണ്‍ റോഡുപണി വൈകിക്കുന്നത് ഇവരുടെ സമ്മര്‍ദത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇളങ്കാട് പാലവും പൊളിച്ചിട്ടിരിക്കുകയാണ്.
കൊക്കയാര്‍ റോഡ് പൂര്‍ത്തിയായിട്ടില്ല. ഇളങ്കാട്-വാഗമണ്‍ റോഡ് പൂര്‍ണമായി തകര്‍ന്നതോടെ കൂട്ടിക്കല്നിന്ന് ഈ പ്രദേശത്ത് എത്തിപ്പെടാൻ സാധിക്കില്ല.