പരിസ്ഥിതി ലോലമേഖല: കൃഷിരീതിയിൽ വിദഗ്ധ അഭിപ്രായം തേടാൻ സംസ്ഥാനം
Sunday, August 11, 2024 1:22 AM IST
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലയിലെ മണ്ണിനെ സംരക്ഷിച്ചു കൊണ്ടുള്ള കൃഷിരീതികളിൽ വിദഗ്ധാഭിപ്രായം സ്വരൂപിക്കാൻ സംസ്ഥാന സർക്കാർ.
മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയിൽനിന്ന് മലനിരകളിലെ മണ്ണിനെ സംരക്ഷിക്കാൻ കഴിയുന്ന കൃഷിരീതികൾ സ്വരൂപിക്കാൻ സംസ്ഥാന കൃഷിവകുപ്പ് മുൻകൈയെടുത്താണ് വിദഗ്ധരെ ഉൾപ്പെടുത്തി അഭിപ്രായ സ്വരൂപണം നടത്തുന്നത്.
പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, കാർഷിക വിദഗ്ധർ അടക്കമുള്ളവരെ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 13നു തിരുവനന്തപുരത്തു ചർച്ച നടത്തും. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി മന്ത്രി പി.പ്രസാദ് കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു.
പരിസ്ഥിതി ദുർബല മേഖലകളിലെ നിലവിലെ കാർഷിക രീതികൾ പുനഃക്രമീകരിക്കുകയാണ് ലക്ഷ്യമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. മലഞ്ചെരിവുകളിലെ മണ്ണിനെക്കൂടി സംരക്ഷിക്കുന്ന കാർഷിക വിളകൾ എങ്ങനെ വ്യാപിപ്പിക്കാമെന്നാണ് ആലോചന.
കർഷകർക്ക് ജീവിതമാർഗം നിലനിർത്തിയും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിയുന്ന തരത്തിലും അതിലുപരിയായി മണ്ണിനെ സംരക്ഷിച്ചുമുള്ള കാർഷിക വൃത്തികൾ വികസിപ്പിക്കുന്നതിനാണ് ചർച്ചയിൽ പ്രാധാന്യം നൽകുക.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ തേയിലയും കുരുമുളകുമായിരുന്നു പ്രധാന കൃഷി. ഉരുൾപൊട്ടലിൽ ഇവ ഒന്നൊഴിയാതെ നഷ്ടമായി. ഇതാണ് കാർഷിക മേഖലയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.