രജിസ്ട്രേഷൻ കാത്ത് നൂറിലേറെ ടൂറിസ്റ്റ് ബസുകൾ
Sunday, August 11, 2024 1:22 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: അഗ്നിശമന ഉപകരണം ഘടിപ്പിക്കാൻ അംഗീകാരമുള്ള സ്ഥാപനങ്ങൾ കുറവായതിനാൽ സംസ്ഥാനത്തു രജിസ്ട്രേഷൻ ചെയ്യാനാകാതെ നൂറോളം പുതിയ ടൂറിസ്റ്റ് ബസുകൾ. രജിസ്ട്രേഷൻ വൈകുന്നതിനാൽ സർവീസ് നടത്താനാകാതെ ബസുടമകൾക്കു നഷ്ടം ലക്ഷങ്ങളാണ്.
ചേസിസിനു 33 ലക്ഷവും ബോഡികെട്ടാൻ 25 ലക്ഷവും എസി, അഗ്നിശമന ഉപകരണം, ടാക്സ്, മറ്റ് ആധുനിക സംവിധാനങ്ങൾ അടക്കമുള്ള തുകയടക്കം 65 ലക്ഷം രൂപയോളം മുടക്കി ടൂറിസ്റ്റ് ബസുകൾ പുറത്തിറക്കാൻ ശ്രമിക്കുന്ന ഉടമകൾ രജിസ്ട്രേഷൻ വൈകുന്നതോടെ വൻകടക്കെണിയെയാണു നേരിടുന്നത്. വരുമാനമില്ലാതെ കിടക്കുന്ന ബസുകളുടെ വായ്പാതിരിച്ചടവ് കൈയിൽനിന്നു കണ്ടെത്തേണ്ട അവസ്ഥയിലാണവർ.
തീപിടിത്തമുണ്ടായാൽ ഒരു ഓട്ടോമാറ്റിക് ട്രിഗർ അലാറസംവിധാനമുള്ള ഫയർ ഡിറ്റക്ഷൻ ആൻഡ് അലാറം സിസ്റ്റം (എഫ്ഡിഎഎസ്), തീയോ പുകയോ ഉണ്ടായാൽ കണ്ടെത്തി സ്വയം അണയ്ക്കാൻ കഴിയുന്ന ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റംസ് (എഫ്ഡിഎസ്എസ്) എന്നിവ ബസുകളിൽ ഘടിപ്പിക്കണമെന്നാണ് പുതിയ ബസുകൾക്കുള്ള രജിസ്ട്രേഷൻ വ്യവസ്ഥ.
നാലു ലക്ഷത്തോളം രൂപ കൂടുതൽ മുടക്കിയാണു ബസുകളിൽ ഇതു സ്ഥാപിക്കുന്നത്. എന്നാൽ ഇവ ബസുകളിൽ ഘടിപ്പിക്കാൻ കേരളത്തിൽ രണ്ടു സ്ഥാപനങ്ങൾക്കുമാത്രമാണ് അംഗീകാരമുള്ളത്. ഇതുമൂലം ബസുകളിൽ യഥാസമയം ഉപകരണം ഘടിപ്പിച്ചു നിരത്തിലിറക്കാൻ പറ്റുന്നില്ല.
ഒരു ബസിൽ ഉപകരണം ഘടിപ്പിക്കാൻ അഞ്ചു ദിവസമെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെ ലഭ്യതയനുസരിച്ചേ ജോലികൾ നടക്കൂ. നിലവിലെ സാഹചര്യത്തിൽ, കാത്തുകിടക്കുന്ന നൂറോളം ബസുകളിൽ ഉപകരണം ഘടിപ്പിക്കാൻ ഒരുവർഷത്തോളം സമയമെടുക്കും.
ഒരുമാസം രണ്ടു സ്ഥാപനങ്ങളിൽനിന്നുംകൂടി ഏറിയാൽ പത്തുവണ്ടികളിൽമാത്രമേ അഗ്നിശമന ഉപകരണം ഘടിപ്പിച്ചു പുറത്തിറക്കാനാകൂ. നിലവിൽ ടൈപ്പ് മൂന്ന് വിഭാഗത്തിൽപെട്ട വാഹനങ്ങൾക്കാണ് അഗ്നിശമന ഉപകരണം ഘടിപ്പിക്കേണ്ടത്. ടൈപ്പ് നാല് വിഭാഗത്തിൽപെടുന്ന സ്ലീപ്പർ ബസുകൾക്ക് ഉപകരണം നിർബന്ധമല്ല. എന്നാൽ ഇരുവാഹനങ്ങൾക്കും തീപിടിത്തസാധ്യത ഒരുപോലെയാണെന്നതാണു വിചിത്രം.