കാവ്യ മാധവന് എതിരേയുള്ള നടപടി ജില്ലാ കോടതി റദ്ദാക്കി
Sunday, August 11, 2024 1:22 AM IST
കണ്ണൂര്‍: ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെതിരേ ജില്ലാരജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി ജോസ് അസാധുവാക്കി. മലബാര്‍ ബില്‍ഡേഴ്സിന്റെ ആയിക്കരയിലെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടുമായി ബന്ധപ്പെട്ടായിരുന്നു വ്യവഹാരം.
31,83,400 രൂപയ്ക്ക് നടി വാങ്ങിയ ഫ്ലാറ്റിന് ജില്ലാ രജിസ്ട്രാർ 73,22,053 രൂപ നിർണയിച്ചതായിരുന്നു നിയമ നടപടിയിലേക്ക് നീങ്ങിയത്.
യഥാർഥ തുകയാണ് ആധാരത്തില്‍ കാണിച്ചതെന്നും രജിസ്ട്രാർ പറഞ്ഞ നാലുലക്ഷം രൂപ അധികം അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും കാണിച്ചായിരുന്നു കാവ്യ കോടതിയെ സമീപിച്ചത്.
2016ല്‍ ശരിയായ രേഖകള്‍ സഹിതം കാവ്യ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ജില്ലാകോടതി രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിയത്. കാവ്യയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.എല്‍. അബ്ദുൾ സലാം, കെ.വി. സുരേഷ് ബാബു, സയ്യിദ്ഖുതുബ് എന്നിവര്‍ ഹാജരായി.