കാറിൽ ഒളിപ്പിച്ചു കടത്തിയ മൂന്നുകോടി കുഴൽപ്പണം പിടികൂടി
Sunday, August 11, 2024 1:22 AM IST
ചിറ്റൂർ: കാറിൽ ഒളിപ്പിച്ചുകടത്തിയ 2,97,50,000 രൂപയുടെ കുഴൽപ്പണം ചിറ്റൂർ പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ അഞ്ചിനു ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ വാഹനങ്ങൾ റോഡിനു കുറുകെ നിർത്തിയാണ് കെഎൽ 46 എം 6272 കാർ പോലീസ് തടഞ്ഞിട്ടത്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിനു കുഴൽപ്പണക്കടത്ത് സംബന്ധിച്ചു രഹസ്യവിവരം ലഭിച്ചിരുന്നു.
കാറിനകത്തു നടത്തിയ തെരച്ചിലിലാണ് രഹസ്യഅറ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പരിയപുരം പൂക്കോട് വീട്ടിൽ ജംഹാദ് (46), അങ്ങാടിപ്പുറം ചോലയിൽ വീട്ടിൽ അബ്ദുള്ള (42) എന്നിവരെ അറസ്റ്റ് ചെയ്തു.
കാറിന്റെ പിൻസീറ്റിനു സമീപത്തായി പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തവിധമാണ് രഹസ്യഅറ ഒരുക്കിയിരുന്നത്. അറ പൊട്ടിച്ചപ്പോഴാണ് 500, 200, 100 രൂപ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് കാറും കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് തിരുപ്പൂരിൽനിന്നു കൊണ്ടുവരുന്ന പണം മലപ്പുറത്തെത്തിച്ചു പിന്നീട് നിർദേശം ലഭിക്കുന്നതനുസരിച്ചു കൈമാറാനായിരുന്നു തീരുമാനമെന്ന് അറസ്റ്റിലായവർ പോലീസിനു മൊഴിനൽകി. ചിറ്റൂർ സ്റ്റേഷൻ എസ്എച്ച്ഒ ജെ. മാത്യു, എസ്ഐ കെ. ഷാജു, എഎസ്ഐ സബീർ, എസ്സിപി എ. ജാഫർ സാദിഖ്, സിപിഒ സി. ശബരി എന്നിവരടങ്ങിയ സംഘമാണ് കുഴൽപ്പണവേട്ട നടത്തിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.