ടോണിഷിന്റെ ശേഖരത്തിൽ 6000 ഒളിന്പിക്സ് സ്റ്റാന്പുകൾ
Sunday, August 11, 2024 1:22 AM IST
സിജോ പൈനാടത്ത്
കൊച്ചി: 1972ലെ മ്യൂണിക് ഒളിന്പിക്സിൽ നെതർലൻഡ്സിനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യ ഹോക്കിയിൽ വെങ്കലം നേടിയതു ചരിത്രമാണ്. അന്നു രാജ്യത്തിനായി മെഡൽ നേടിയ ടീമിൽ മലയാളിയായ മാനുവൽ ഫ്രെഡറിക് ഉണ്ടായിരുന്നെന്നതും കായികകേരളം എന്നും ഓർക്കും.
എന്നാൽ, അന്നത്തെ ഇന്ത്യയുടെ ഒളിന്പിക്സ് മെഡൽനേട്ടം അടയാളപ്പെടുത്തി കരീബിയൻ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്ക തപാൽ സ്റ്റാന്പ് പുറത്തിറക്കിയെന്നത് എത്ര പേർക്കറിയാം...?
ഇന്ത്യൻ പതാകയും ഹോക്കി ടീമും ഉൾപ്പെടുന്ന അന്നത്തെ ഡൊമിനിക്കയുടെ സ്റ്റാന്പ് ഉൾപ്പെടെ ഒളിന്പിക്സ് വിശേഷങ്ങൾ പറയുന്ന വിവിധ രാജ്യങ്ങളുടെ ആറായിരം തപാൽ സ്റ്റാന്പുകളാണ് കൊച്ചിയിൽ റെയിൽവേ ഉദ്യോഗസ്ഥനായ ടോണിഷ് തോമസിന്റെ ശേഖരത്തിലുള്ളത്.
1896ലെ ഏഥൻസ് ഒളിന്പിക്സിനോടനുബന്ധിച്ചു 128 വർഷം മുന്പ് ഗ്രീസ് പുറത്തിറക്കിയ സ്റ്റാന്പ് മുതൽ പാരീസ് ഒളിന്പിക്സിനെ അടയാളപ്പെടുത്തുന്ന തപാൽ കവർ വരെ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ 200 രാജ്യങ്ങളുടെ ഒളിന്പിക് സ്പെഷൽ സ്റ്റാന്പുകളും തപാൽ കവറുകളുമാണ് ടോണിഷിന്റെ ബൃഹത്തായ സ്റ്റാന്പ് ശേഖരത്തിലുള്ളത്.
ഒളിന്പിക്സുകളോടനുബന്ധിച്ച് വിവിധ വർഷങ്ങളിൽ ജർമനിയും ന്യൂസിലൻഡും പുറത്തിറക്കിയ അപൂർവമായ ത്രിഡി സ്റ്റാന്പുകൾ, അമേരിക്കയുടെ 18 കാരറ്റ് സ്വർണത്തിൽ രൂപകല്പന ചെയ്ത ഒളിന്പിക് സ്റ്റാന്പ് എന്നിവയും കൂട്ടത്തിലുണ്ട്.
മൂവാറ്റുപുഴ കല്ലൂർക്കാട് പുൽപ്പറന്പിൽ വീട്ടിൽ ടോണിഷ് റെയിൽവേയിൽ ചീഫ് ടിക്കറ്റിംഗ് ഓഫീസറാണ്. മൂന്നാം ക്ലാസ് മുതൽ സ്റ്റാന്പുകൾ ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ സ്റ്റാന്പുകളുടെയും തപാൽ കവറുകളുടെയും ശേഖരം ലക്ഷങ്ങൾ പിന്നിട്ടു.
റെയിൽവേയുമായി ബന്ധപ്പെട്ട മൂന്നു ലക്ഷം സ്റ്റാന്പുകൾ ശേഖരിച്ചതിന്റെ റിക്കാർഡ് ടോണിഷിനാണ്. ഗാന്ധി ചിത്രമുള്ള സ്റ്റാന്പുകളുടെ മികച്ച ശേഖരം ഇദ്ദേഹത്തിനുണ്ട്.
ഹയർ സെക്കൻഡറി അധ്യാപിക കരോളിനാണ് ഭാര്യ. റയാൻ, റൊണാൾഡ് എന്നിവർ മക്കൾ. മുപ്പതോളം ഫിലാറ്റലിക് എക്സിബിഷനുകൾ നടത്തിയിട്ടുള്ള ടോണിഷ് അറിയപ്പെടുന്ന ക്വിസ് മാസ്റ്റർ കൂടിയാണ്.