യുവതിയുടെ മരണം തുന്പപ്പൂ തോരൻ കഴിച്ചതിനാലെന്നു സംശയം
Sunday, August 11, 2024 1:22 AM IST
ചേര്‍ത്തല: യുവതിയുടെ മരണം ഭക്ഷ്യവിഷബാധയെത്തുടർന്നെന്നു സംശയം. ചേർത്തല പതിനേഴാം വാർഡ് ദേവിനിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു (42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
ഔഷധച്ചെടി എന്നുകരുതുന്ന തുമ്പച്ചെടിയുടെ പൂവുകൊണ്ടുള്ള തോരൻ കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം തുമ്പപ്പൂവ് ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
ഇന്ദുവിനെ കൂടാതെ മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പപ്പൂവു കൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ മേയ് മാസത്തിൽ അരളിപ്പൂവ് കഴിച്ചതിനു പിന്നാലെ ഹരിപ്പാട്ട് യുവതി മരിച്ചിരുന്നു. രാസപരിശോധനാ ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ജീവിതശൈലീ രോഗമുള്ളവർ തുമ്പപ്പൂവ് കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ. കെ. വേണുഗോപാൽ പ്രതികരിച്ചു.
സസ്യങ്ങളിൽനിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം പോലെയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.