വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂമിക്കടിയിൽ മുഴക്കം
Saturday, August 10, 2024 2:13 AM IST
വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ മലയോര മേഖലയിൽ ഭൂമിക്കടിയില്‍ പ്രകമ്പനവും മുഴക്കവും ഉണ്ടായി. ഇന്നലെ രാവിലെ 10.15 ഓടെയാണ് പലയിടത്തും ഒരു സെക്കന്‍ഡ് മാത്രമുള്ള പ്രതിഭാസമുണ്ടായത്.
തൃശൂർ ജില്ലയിലെ ചാവക്കാട് തിരുവത്രയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ഭൂമിക്കടിയിൽ ശബ്ദം കേട്ടത്. പ്രകമ്പനവും മുഴക്കവുമുണ്ടായ പ്രദേശങ്ങളില്‍ ജനം ആശങ്കയിലായി. എവിടെയും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാൽ ഭൂചലനം സംഭവിച്ചിട്ടില്ലെന്നും ഭൂകമ്പ മാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്മോളജി സെന്ററും ദുരന്ത നിവാരണ അഥോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് അധികൃതര്‍.
വയനാട്ടിൽ നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്നിവിടങ്ങളിലും പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടു. ഇടിമുഴക്കംപോലുള്ള ശബ്ദമാണു കേട്ടതെന്നു വയനാട് ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷന് അംഗം എൻ.സി. പ്രസാദ് പറഞ്ഞു. ശബ്ദം കേട്ടതായി പറയുന്ന പ്രദേശങ്ങളില്‍ റവന്യു, ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. എടക്കല്‍ ജിഎല്‍പി സ്കൂളിന് അധികൃതര്‍ അവധി നല്കി.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, ബാലുശേരി, കൂരാച്ചുണ്ട്, കുറ്റ്യാടി, മുക്കം, മെഡിക്കല്‍ കോളജ് പരിസരം എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടതായി പരിസര വാസികള്‍ പറയുന്നത്.
പലരുടെയും വീടുകള്‍ക്ക് തരിപ്പ് അനുഭവപ്പെട്ടതായും അടുക്കളയിലെ അലമാരയില്‍ സൂക്ഷിച്ച കുപ്പിപ്പാത്രങ്ങള്‍ നിരങ്ങി യതായും വീട്ടമ്മമാരും പറഞ്ഞു. തോട്ടം മേഖലയിലെ കര്‍ഷകരും തൊഴിലാളികളും അസാധാരണ മുഴക്കം കേട്ടതായി അറിയിച്ചു.
തൃശൂർ ജില്ലയിലെ ചാവക്കാട് തിരുവത്രയിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടും ഒറ്റപ്പാലത്തും അലനല്ലൂരും വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ചാവക്കാട് തിരുവത്രയിൽ ഏതാനും കെട്ടിടങ്ങൾക്കു ചെറിയ വിള്ളൽ സംഭവിച്ചു.