കണ്ണൂർ വിമാനത്താവളം സുരക്ഷാവലയത്തിൽ
Saturday, August 10, 2024 2:13 AM IST
മട്ടന്നൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണു വയനാട്ടിലേ ക്കു പോകുക. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കൽപ്പറ്റയിലെ എസ്കെഎംജെ സ്കൂൾ മൈതാനത്താണ് ഇറക്കുക. കൽപ്പറ്റ റസ്റ്റ് ഹൗസിൽ വിശ്രമിച്ചശേഷം റോഡ് മാർഗമാണ് ദുരന്തബാധിത പ്രദേശങ്ങളിലേക്കു പോകുക. സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്ററുകൾ ഈ ഭാഗത്തുകൂടി വ്യോമനിരീക്ഷണം നടത്തിയിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നു സ്വീകരിക്കും. ഇരുവരും പ്രധാനമന്ത്രിയെ അനുഗമിച്ച് വയനാട്ടിലേക്കു പോകും.
നരേന്ദ്രമോദി ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിലെത്തുന്നത്. യാത്രയ്ക്കായി വ്യോമസേനയുടം മൂന്നു ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കണ്ണൂരിലെത്തിച്ചിരുന്നു.