കുടിശികത്തുകയേക്കാൾ മൂല്യം കൂടുതലുള്ള ഭൂമിയിൽ കളക്ടർമാർക്ക് ജപ്തി തടയാം
Saturday, August 10, 2024 2:13 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വായ്പാ കുടിശിക തുകയേക്കാൾ മൂല്യം കൂടുതലുള്ള ഭൂമിയിലെ ജപ്തി തടയാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുന്ന നിയമഭേദഗതി സംസ്ഥാനത്തു നിലവിൽ വന്നു. ജപ്തി ചെയ്യുന്ന ഭൂമിയിലെ യും അതിലെ കെട്ടിടങ്ങളുടെയും മൂല്യം വായ്പാ കുടിശിക തുകയേക്കാൾ കൂടുതലാണെങ്കിൽ വസ്തുവിന്റെ ഒരു ഭാഗത്തു മാത്രമായി ജപ്തി പരിമിതപ്പെടുത്താൻ കളക്ടർക്കു കഴിയും.
പ്രദേശത്തെ ഭൂമിയുടെ ന്യായവിലയുടെയും പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിട്ടുള്ള കെട്ടിടങ്ങളുടെയും മറ്റുള്ളവയുടെയും മൂല്യം കണക്കാക്കിയാണു നടപടി. ജപ്തിയിൽ ഇടപെടുന്നതിനായി കുടിശികക്കാരൻ ജില്ലാ കളക്ടർക്ക് നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും നടപടി. ഇതോടെ വായ്പയ്ക്ക് ഈടായി വച്ച മുഴുവൻ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കഴിയില്ല.
നിയമസഭ പാസാക്കിയ കേരള റവന്യു റിക്കവറി ഭേദഗതി ആക്ട് ഗവർണർ അംഗീകരിച്ചതോടെയാണ് ഇതു നിലവിൽ വന്നത്. നിയമത്തിന് ആവശ്യമായ ചട്ടങ്ങൾ ഉൾപ്പെടുത്തിയാണ് ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചത്.
ജപ്തിയുടെ ഭാഗമായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമി (ബോട്ട് ഇൻ ലാൻഡ്) കുടിശികക്കാരനു തുക അടച്ചു തിരികെ എടുക്കാൻ അഞ്ചുവർഷം വരെ സാവകാശം നൽകാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. പ്രോസസിംഗ് ചാർജും പലിശയും നികുതി കുടിശികയും ഉൾപ്പെടെയുള്ള സാന്പത്തിക ബാധ്യതകൾ തീർത്താൽ ജില്ലാ കളക്ടറാണ് ഭൂമി തിരികെ അനുവദിക്കുക. കുടിശിക അടച്ചു ഭൂമി തിരിക വാങ്ങാനുള്ള നടപടികൾക്കു ജില്ലാകളക്ടറുടെ മുൻകൂർ അനുമതി തേടുകയും വേണം.
അഞ്ചുവർഷത്തിനുശേഷം ഇതിനായി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നും ഗവർണറുടെ അനുമതിയോടെ സർക്കാർ വിജ്ഞാപനം ചെയ്ത ആക്ട് ഭേദഗതിയിൽ പറയുന്നു.
ബോട്ട് ഇൻ ലാൻഡ് ആയി സർക്കാരോ സർക്കാർ സ്ഥാപനങ്ങളോ കൈവശം വയ്ക്കുന്ന ഭൂമി അഞ്ചുവർഷത്തിനു ശേഷം മാത്രമേ മറ്റു പൊതു ആവശ്യത്തിന് ഉപയോഗിക്കാവൂ എന്നു നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജപ്തിയിലേക്കു കടക്കും മുന്പ് കുടിശിക ഗഡുക്കളായി അടയ്ക്കാൻ കുടിശികക്കാരന് അവസരം നൽകേണ്ടതുണ്ട്.
കുടിശികത്തുകയ്ക്ക് മോറട്ടോറിയം അനുവദിക്കാൻ സർക്കാരിന് അധികാരം നല്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.