വയനാട് ദുരന്തം: ഫണ്ട് ശേഖരണത്തിനെതിരായ ഹര്‍ജി പിഴ ചുമത്തി തള്ളി
Saturday, August 10, 2024 2:13 AM IST
കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പിഴയടയ്ക്കണമെന്ന നിര്‍ദേശത്തോടെ തള്ളി.
സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ടു കാസര്‍ഗോഡ് സ്വദേശിയായ അഡ്വ. സി. ഷുക്കൂര്‍ നല്കിയ ഹര്‍ജിയാണ് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന നിര്‍ദേശത്തോടെ ഡിവിഷന് ബെഞ്ച് തള്ളിയത്.
ഫണ്ട് ദുരുപയോഗം ചെയ്തതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനു സാധിച്ചിട്ടില്ല. ബന്ധപ്പെട്ട അഥോറിറ്റികളില്‍ പരാതി നല്‍കാതെ കോടതിയില്‍ നേരിട്ടു സമീപിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രശസ്തിക്കുവേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്ന് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് 25, 000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചത്.
നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുമെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം. അതിനാല്‍ ഏതു സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.