ഐഎഎസുകാരുടെ മാതൃകയിൽ കെഎഎസിന് സർവീസ് സംഘടന
Saturday, August 10, 2024 2:12 AM IST
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്ക് ഐഎഎസുകാരുടെ മാതൃകയിലുള്ള സംഘടനയ്ക്ക് സർക്കാർ അംഗീകാരം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെഎഎസ്ഒഎ) എന്ന സംഘടനയ്ക്ക് സർക്കാർ അംഗീകാരം നൽകി.
അടുത്തിടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കെഎഎസ് ഉദ്യോഗസ്ഥരുടെ ഏക സംഘടനയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ.
നിലവിൽ മൂന്നു സ്ട്രീമുകളിലായി 105 ഉദ്യോഗസ്ഥരാണുള്ളത്. ഐഎഎസുകാരേക്കാൾ ഉയർന്ന ശന്പള സ്കെയിൽ വേണമെന്നായിരുന്നു കെഎഎസുകാരുടെ ആവശ്യം. സംഘടനാ സംവിധാനത്തിലേക്കു വരുന്നതോടെ ഈ ആവശ്യം വീണ്ടും ഉന്നയിക്കും. അണ്ടർ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ പദവിയിലുള്ള ശന്പള സ്കെയിലിൽ കെഎഎസുകാരെ നിയമിക്കാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്.
എന്നാൽ ഡെപ്യൂട്ടി സെക്രട്ടറിയോ അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിനോ തുല്യമായ ശന്പള സ്കെയിൽ തുടക്കത്തിൽ വേണമെന്നായിരുന്നു ആവശ്യം. ജൂണിയർ ഐഎഎസുകാർക്കു മുകളിൽ ശന്പള സ്കെയിൽ വരുന്ന സാഹചര്യത്തിൽ ഇതിനെ ഐഎഎസ് അസോസിയേഷൻ എതിർത്തു. ഇതോടെ രണ്ടിനും മധ്യത്തിലുള്ള സ്കെയിൽ നിശ്ചയിച്ചു നൽകുകയായിരുന്നു.
കണ്ഫേഡ് ഐഎഎസ് പട്ടിക തയാറാക്കുന്പോൾ കെഎഎസുകാർക്കു പ്രത്യേക സംവരണം വേണമെന്ന ആവശ്യവുമുണ്ട്. സംഘടനയ്ക്ക് അംഗീകാരമായതോടെ ഓഫീസും അനുവദിക്കേണ്ടതുണ്ട്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സെക്രട്ടറിക്കും പ്രസിഡന്റിനും തലസ്ഥാനത്തെ ഓഫീസുകളിൽ നിയമനം നൽകേണ്ടതുണ്ട്.
സംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന് അഭ്യർഥിച്ച് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അംഗീകാരം നൽകിയത്.