കവളപ്പാറ ദുരന്തത്തിൽ നഷ്ടപരിഹാരം എങ്ങുമെത്തിയില്ല; നടപടികള്‍ ചുവപ്പുനാടയില്‍
Saturday, August 10, 2024 2:12 AM IST
വി. മനോജ്
മലപ്പുറം: മലപ്പുറം ജില്ലയിലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ചുവപ്പുനാടയില്‍.
എട്ട് ഏക്കര്‍ മുതല്‍ പത്ത് സെന്റ് വരെ കൃഷിയിടങ്ങളുള്ള നൂറോളം കര്‍ഷകരാണ് സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്. 2019 ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 59 പേര് മരിക്കുകയും 45 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലാകുകയും ചെയ്തു. നൂറോളം കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെട്ടു.
വീടുകള്‍ തകർന്നുപോയവരെയും മരിച്ചവരുടെ ആശ്രിതരെയും സര്‍ക്കാര്‍ ധനസഹായം നല്കി പുനരധിവസിപ്പിച്ചു. ദുരന്തബാധിത പ്രദേശമായി ജിയോളജി വിഭാഗം പ്രഖ്യാപിച്ച പ്രദേശങ്ങളിലെ എഴുപത്തിയഞ്ചോളം കുടുംബങ്ങളെ ഇവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുകയും അവര്‍ക്ക് സ്ഥലം വാങ്ങി വീടുകള്‍ നിര്‍മിക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്കി. എന്നാല്‍ കൃഷിയും ഭൂമിയും മാത്രം നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായില്ല.
കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകനായ താന്നിക്കുന്നത്ത് ബാലകൃഷ്ണന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ 2023 ജൂണ്‍ 14ന് ദുരന്ത ഭൂമി സന്ദര്‍ശിച്ച് സ്ഥതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഭൂമി വീണ്ടെടുക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് ശേഷം ശേഖര്‍ കുര്യാക്കോസ് കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല.
നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല നഗറിനെ പ്രളയം എടുത്തിട്ട് ആറു വര്‍ഷമായി. എന്നിട്ടും പുനരധിവാസം പൂര്‍ത്തിയായില്ല. 18 വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചമട്ടാണ്.
പലരും വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയുടെ ആധാരം ബാങ്കില്‍ വച്ച് ലക്ഷങ്ങള്‍ വായ്പ എടുത്തിരിക്കുകയാണ്. പ്രളയം കവര്‍ന്ന വീടുകളിലെ അവശേഷിക്കുന്ന ഭാഗത്ത് ഇപ്പോഴും താമസിക്കുന്നത് എട്ടു കുടുംബങ്ങളാണ്.