വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിത കുടുംബങ്ങൾക്ക് 10,000 രൂപ
Saturday, August 10, 2024 2:12 AM IST
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാനം അടിയന്തര സഹായം നൽകും.ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം നൽകും.
ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ടു പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്നു പേർക്കുവരെ നൽകും. 30 ദിവസത്തേക്കാണ് തുക നൽകുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇപ്പോൾ ക്യാന്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ തുടർന്ന് ക്യാന്പുകളിൽ കഴിയുന്നവർക്കു മറ്റൊരു വാസസ്ഥലത്തേക്കു തിരിച്ചു പോകുന്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയുംവിധം താമസ സൗകര്യം ഒരുക്കാനാകുമോ എന്ന് കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കാനും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.