സീറോമലബാർ സഭാ അസംബ്ലിക്ക് 348 പേർ
Saturday, August 10, 2024 2:12 AM IST
കൊച്ചി: കാലോചിതമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്ത് കർമപരിപാടികൾ രൂപീകരിക്കുന്നതിന് മെത്രാൻ സിനഡിനെ സഹായിക്കുകയുമാണ് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ ദൗത്യം.
മെത്രാന് സിനഡിനോടു ചേര്‍ന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. അസംബ്ലി പഠനവിധേയമാക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 2023 ജൂലൈയില്‍ പുറത്തിറക്കിയ ‘പഠനരേഖ’വിവിധ തലങ്ങളില്‍ പഠനം നടത്തി.
ഇതിലൂടെ ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു രൂപീകരിച്ച ‘പ്രവര്‍ത്തനരേഖ’അടിസ്ഥാനമാക്കിയാണ് അസംബ്ലിയില്‍ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടക്കുക.
അസംബ്ലിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ സീറോമലബാർ സഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജര്‍ ആര്‍ച്ച്ബിഷപ് പുറത്തിറക്കും.
അസംബ്ലി എട്ടു വർഷത്തിനുശേഷം
അഞ്ചു വർഷത്തിലൊരിക്കൽ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാ നിയമം. സീറോമലബാർ സഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്.
2004, 2010, 2016 എന്നീ വർഷങ്ങളിലും അസംബ്ലി നടന്നു. 2016നുശേഷം എട്ടു വർഷം പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലെ അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി വൈകാനിടയാക്കിയത്.
നുൺഷ്യോ ഉദ്ഘാടനം ചെയ്യും
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി നിർവഹിക്കും.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ, കേരള ലത്തീൻ ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍, മലങ്കര മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ്, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ അസംബ്ലിയുടെ വിവിധ ഘട്ടങ്ങളിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകുമെന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ പത്രസമ്മേളനത്തിൽ സഭയുടെ മാധ്യമ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, അസംബ്ലി കമ്മിറ്റി കൺവീനർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, പിആർഒ റവ.ഡോ. ആന്റണി വടക്കേക്കര, സഭാ വക്താക്കളായ ഡോ. കൊച്ചുറാണി ജോസഫ്, അഡ്വ. അജി ജോസഫ് എന്നിവർ അറിയിച്ചു.