കെണിയിൽ കുടുങ്ങി പുലി ചത്തു
Saturday, August 10, 2024 2:12 AM IST
മുളിയാർ (കാസർഗോഡ്): കാസർഗോഡിന്റെ മലയോരമേഖലയിൽ മാസങ്ങളായി ഭീതി പരത്തിയ പുലി കൃഷിയിടത്തിൽ കാട്ടുപന്നിയെ തടയാനായി വച്ച കെണിയിൽ കുടുങ്ങി ചത്തു. നാലു വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണു ചത്തത്.
ഇന്നലെ രാവിലെയാണു ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിലെ അണ്ണപ്പ നായക്കിന്റെ റബർതോട്ടത്തിൽ കെണിയിൽ കുരുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. സ്ഥലമുടമയും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ച് ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്ഥലത്തെത്തി.
കണ്ണൂർ ആറളത്തുനിന്ന് വിദഗ്ധരെ കൊണ്ടുവന്ന് പുലിയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ആലോചന നടത്തിയെങ്കിലും അതിനുമുമ്പേ പുലി അവശനിലയിലായിരുന്നു. തുടർന്ന് വലയിട്ട് പിടിച്ച് കെണിയിൽനിന്നു മാറ്റിയെങ്കിലും കുറച്ചുസമയത്തിനകംതന്നെ പുലി ചത്തു.
കെണിയിൽ കുടുങ്ങിയതിന്റെ വെപ്രാളം മൂലം ഹൃദയാഘാതം സംഭവിച്ചതോ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമോ ആകാം മരണകാരണമെന്നു കരുതുന്നു. വിശദമായ പരിശോധനകൾക്കായി വയനാട്ടിൽനിന്നു വനംവകുപ്പിന്റെ വിദഗ്ധസംഘം വൈകിട്ടോടെ സ്ഥലത്തെത്തി.
റബർതോട്ടത്തിൽ അനധികൃതമായി കെണി സ്ഥാപിച്ചതിന് സ്ഥലമുടമ അണ്ണപ്പ നായിക്കിനെതിരേ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്നലെ കെണിയിൽ കുടുങ്ങിയ പുലിക്കൊപ്പം ഒരു കുട്ടിപ്പുലികൂടി ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. പനത്തടി പഞ്ചായത്തടക്കം ജില്ലയുടെ മറ്റു ഭാഗങ്ങളിലും നാളുകളായി പുലിഭീതി നിലനില്ക്കുന്നുണ്ട്.