വയനാട് ദുരന്തം മുല്ലപ്പെരിയാറിനുള്ള അപകട സൂചന: നടൻ അശോകൻ
Saturday, August 10, 2024 12:05 AM IST
തൊടുപുഴ: വയനാട് ദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്നും മുല്ലപ്പെരിയാറിനുളള അപകട സൂചനയാണ് ഇതു നൽകുന്നതെന്നും നടൻ അശോകൻ. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ രാഷ്്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കളും കോടതിയും മുൻകൈയെടുത്ത് പ്രവർത്തിക്കണം. കാലപ്പഴക്കം ചെന്ന അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല.
ഇതുമൂലം ലക്ഷക്കണക്കിനാളുകൾ ആശങ്കയുടെ മുൾമുനയിലാണ്. അണക്കെട്ട് തകർന്നാൽ കേരളം തുണ്ടുഭൂമിയായി മാറും. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അണക്കെട്ടിന്റെ കാര്യത്തിൽ സുപ്രീംകോടതി അടിയന്തര ഇടപെടൽ നടത്തി ആവശ്യമായ മാർഗനിർദേശം നൽകണം. പ്രശ്നത്തിനു പരിഹാരം കാണാൻ വിവിധ രാഷ്ട്രീയപാർട്ടികൾ ഒത്തൊരുമയോടെ പ്രവർത്തിക്കണം. വയനാട്ടിൽ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും അവരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും കേരളത്തിന്റെ നൊന്പരമാണ്. ഇനി ഒരു ദുരന്തംകൂടി താങ്ങാനുള്ള ശേഷി കേരളത്തിനില്ല.
ഭൂചലന സാധ്യതാ പ്രദേശം
ഭൂചലന സാധ്യതാ പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഇതു നിസാരമായി കാണരുത്. മുല്ലപ്പെരിയാർ ജലബോംബായി നിലനിൽക്കുകയാണ്.അണക്കെട്ട് തകർന്നാൽ വെളളം ഏതുഭാഗത്ത്കൂടി ഒഴുകുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു. മഹാപ്രളയമുണ്ടായ 2018-ൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ ഒരുമിച്ച് തുറന്നതോടെ മധ്യകേരളം വെള്ളത്തിൽ മുങ്ങി. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ സ്ഥിതി എത്ര ഭയാനകമായിരിക്കുമെന്ന് ഇതിൽനിന്നു വ്യക്തമാണ്.
ശ്രദ്ധിക്കേണ്ടവർ കണ്ണടച്ചിരിക്കുന്നു
അണക്കെട്ടിന്റെ അടിഭാഗത്ത് ഉൾപ്പെടെ തകരാറുള്ളതായി നേരത്തേ നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നു. എന്നിട്ടും ശ്രദ്ധിക്കേണ്ടവർ കണ്ണടച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല. രാഷ്്ട്രീയ പാർട്ടികൾക്കാണ് കൂടുതൽ ഉത്തരവാദിത്വം. എന്നാൽ അവരും വായ തുറക്കുന്നില്ല. ബന്ധപ്പെട്ടവർ രംഗത്തിറങ്ങിയാൽ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഒപ്പം നിൽക്കും. കാലാവസ്ഥ വ്യതിയാനം മൂലം അതിതീവ്രമഴയുൾപ്പെടെ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
ഇത്തരം സാഹചര്യം കണ്മുന്നിലുള്ളപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ പ്രശ്നത്തിനു പരിഹാരം കാണാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളിലും വിഷയം അവതരിപ്പിച്ച് ഇക്കാര്യത്തിൽ പിന്തുണ തേടും.
മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് നിലനിർത്തി തമിഴ്നാട്ടിൽ ഡാം നിർമിച്ച് അവിടെ വെള്ളം സംഭരിക്കാനുള്ള നടപടിയും സ്വീകരിക്കാവുന്നതാണ്. ഇതിന് രാഷ്്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമായിട്ടുള്ളതെന്നും അശോകൻ പറഞ്ഞു.