ബലാത്സംഗ പരാതി വ്യാജം: 68 ദിവസം ജയിലിൽ കിടന്ന യുവാക്കള്‍ക്കു ജാമ്യം
Saturday, August 10, 2024 12:05 AM IST
കൊച്ചി: പ്രണയബന്ധം വീട്ടിൽ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചു സ്കൂള്‍ വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ 68 ദിവസം ജയിലില്‍ കിടന്ന ബന്ധുക്കളായ രണ്ടു യുവാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തന്നെ ഇവര്‍ പീഡിപ്പിച്ചിട്ടില്ലെന്നും പ്രണയത്തിന് എതിരു നിന്നതിന്റെ വൈരാഗ്യത്തില്‍ ബലാത്സംഗ ആരോപണം ഉന്നയിച്ചതാണെന്നുമുള്ള പെണ്‍കുട്ടിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
പെണ്‍കുട്ടിയെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിവരം തേടിയിരുന്നു. വ്യാജ ബലാത്സംഗ പരാതിയില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന 19ഉം 20ഉം വയസുള്ള യുവാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൗണ്‍സലിംഗ് നല്‍കാനും ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടു.
ബന്ധുക്കള്‍ക്കെതിരേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്കുന്ന പീഡനപരാതിയില്‍ അറസ്റ്റടക്കമുള്ള നടപടികള്‍ക്കു മുമ്പ് ഏറെ ജാഗ്രത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങൾ ഉണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എറണാകുളം തടിയിട്ടപറമ്പ് പോലീസാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയതത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകളും ബലാത്സംഗക്കുറ്റവും ഇരുവര്‍ക്കുമെതിരേ ചുമത്തിയിരുന്നു. യുവാക്കളില്‍ ഒരാള്‍ 2017ല്‍ താന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴും ഒരാള്‍ കഴിഞ്ഞ വര്‍ഷവും തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
കഴിഞ്ഞ മേയ് 30നാണ് യുവാക്കൾ അറസ്റ്റിലായത്. ഇരുവരുടെയും ജാമ്യഹര്‍ജിക്കൊപ്പം പെണ്‍കുട്ടിയുടെ സത്യവാങ്മൂലവും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവും സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ നേരിട്ട് വിളിച്ചുവരുത്തി സംസാരിച്ചു.
സഹപാഠിയുമായുള്ള പ്രണയം അമ്മയോടു പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് സ്കൂളില്‍ പോകുന്നത് അമ്മ തടഞ്ഞു. യുവാക്കള്‍ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. അവര്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. പോലീസ് വീട്ടിലെത്തിയപ്പോഴാണു കാര്യം അറിയുന്നതെന്ന് പെൺകുട്ടിയുടെ അച്ഛനും വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുന്ന പോക്സോ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന് ഉത്തമമായ ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി തെറ്റായ പരാതി നല്കിയാല് നടപടി സ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ടെങ്കിലും നിയമത്തിന്റെ ദുരുപയോഗം വലിയ ഭീഷണിയായി തുടരുകയാണെന്ന് കോടതി പറഞ്ഞു.