മലകളില്‍നിന്ന് മണ്ണു നീക്കം ചെയ്യുന്നത് ഹൈക്കോടതി വിലക്കി
Friday, August 9, 2024 2:21 AM IST
കൊച്ചി: കുത്തനേയുള്ള മലകളില്‍നിന്ന് മണ്ണു നീക്കം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. പരിസ്ഥിതിക്ക് ഭീഷണിയായ മലകളില്‍ നിന്നടക്കം മണ്ണു നീക്കുന്നത് തടയാന്‍ പര്യാപ്തമല്ലാത്ത ഖനന നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണിക്കൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെയാണ് വിലക്ക്.
കെട്ടിടനിര്‍മാണത്തിനടക്കം കുത്തനേ ചരിവുള്ള മലമ്പ്രദേശങ്ങളില്‍നിന്ന് മണ്ണെടുക്കുന്നതു നിര്‍ത്താന്‍ നിര്‍ദേശം നല്കി ജിയോളജി ഡയറക്ടര്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മണ്ണെടുക്കാന്‍ ഏത് ഏജന്‍സിക്കും അനുമതി നല്‍കാമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഐഐടി പോലുള്ള ഏജന്‍സികള്‍ക്കു മാത്രമേ ഖനനാനുമതി നല്കാന് അധികാരം നല്‍കാവൂവെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മൂന്നാർ അടക്കം മലയോരമേഖലകളിലെ ഏറ്റവും വലിയ പ്രശ്നം നിയന്ത്രണമില്ലാത്ത മണ്ണു നീക്കലാണെന്ന് കോടതി നിരീക്ഷിച്ചു.