റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം കൊലപാതകം ; യുവതി ഉള്‍പ്പെടെ അഞ്ചു പേർ അറസ്റ്റിൽ
Friday, August 9, 2024 2:21 AM IST
കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എന്‍എല്‍ റിട്ട. എന്‍ജിനിയര്‍ കൊല്ലം ആശ്രാമം കൈരളി നഗര്‍ കുളിര്‍മ വീട്ടില്‍ സി. പാപ്പച്ചനാ(82)ണ് കൊല്ലപ്പെട്ടത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർ കൊല്ലം ഓലയില്‍ തേവള്ളി റോട്ടറി ക്ലബിനു സമീപം കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബ്രാഞ്ച് എക്സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജംഗ്ഷന് സ്വദേശി കെ.പി അനൂപ് (37), അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച പോളയത്തോട് അനിമോന് മന്‍സിലില്‍ അനിമോന് (44), സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ കടപ്പാക്കട ശാസ്ത്രിനഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹീന് (47), വാഹനം വാടകയ്ക്ക് നല്കിയ പോളയത്തോട് ശാന്തിനഗര്‍ സല്‍മ മന്‍സിലില്‍ ഹാഷിഫ് അലി (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 23ന് ഉച്ചയോടെ ആശ്രാമം ശ്രീനാരായണ ഗുരു കണ്വന്ഷന് സെന്ററിനു സമീപത്താണ് സൈക്കിളില്‍ വരികയായിരുന്ന പാപ്പച്ചനെ അനിമോന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കാര്‍ അപകടം എന്ന രീതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അപകടത്തിനു പിന്നാലെ പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അനിമോനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
പിന്നാലെ പാപ്പച്ചന്റെ ബാങ്ക് ഇടപാടുകളില്‍ സംശയം തോന്നിയ മകള്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലെ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. കഴിഞ്ഞ ഒരുമാസമായി പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ ഒരു കോടിയോളം രൂപ വിവിധ സ്വകാര്യ ബാങ്കുകളിലായി പാപ്പച്ചന് നിക്ഷേപിച്ചിരുന്നു. ഇതിനിടെ പാപ്പച്ചനുമായി സൗഹൃദത്തിലായ സരിതയും അനൂപും വിശ്വാസം പിടിച്ചുപറ്റി 36 ലക്ഷം രൂപ ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു.
പാപ്പച്ചന് കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. ഇവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന 50 ലക്ഷം രൂപ പല തവണയായി പിന്‍വലിപ്പിച്ച് തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കാനായി സരിതയും അനൂപും കൈപ്പറ്റുകയും ചെയ്തു.
എന്നാല്‍ ഈ തുക ബാങ്കില്‍ നിക്ഷേപിക്കാതെ തുക സരിതയും അനൂപും ചേര്‍ന്ന് സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രസീത് നല്കി തട്ടിയെടുത്തു. എന്നാല്‍, വാഗ്ദാനം നല്കിയ പലിശ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ പാപ്പച്ചന് ഇവരെ ചോദ്യം ചെയ്തു. ഈ ബ്രാഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരോട് വിവരം പങ്കുവയ്ക്കുകയും ചെയ്തു.
തട്ടിപ്പ് പാപ്പച്ചന് മനസിലാക്കിയെന്ന് വ്യക്തമായതോടെയാണ് സരിതയുടെ നേതൃത്വത്തില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മുന്‍പ് മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്ത പരിചയത്തില്‍ എട്ടോളം ക്രിമിനല്‍ കേസ് പ്രതിയായ അനിമോനെ പാപ്പച്ചനെ കൊല്ലാന്‍ 2.5 ലക്ഷം രൂപയ്ക്ക് സരിത ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
മേയ് 23ന് ഉച്ചയോടെ അനൂപാണ് പാപ്പച്ചനെ ആശ്രാമത്തേക്ക് വിളിച്ചു വരുത്തിയത്. ഇവര്‍ തമ്മില്‍ കണ്ട സമയം മാഹീന് അറിയിച്ചതിനെ തുടര്‍ന്ന് അനിമോന് കാറുമായെത്തി പാപ്പച്ചനെ ഇടിച്ചുവീഴ്ത്തി ശരീരത്തിന് മുകളിലൂടെ കാര്‍ കയറ്റുകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് പിതാവിന് ബാങ്കില്‍ വന്‍ നിക്ഷേപമുള്ള വിവരം അറിയാവുന്ന മകള്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് പോലിസിന്റെ അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും മരണം കൊലപാതകണമെന്ന് തെളിയുകയുമായിരുന്നു.