ബ്രില്ല്യന്റ് വിക്ടറി ഡേ നാളെ അങ്കമാലിയിൽ
Friday, August 9, 2024 2:21 AM IST
പാലാ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കാൻ സംഘടിപ്പിക്കുന്ന ‘മെഡി കൊണ്കൊയർ 2024’ നാളെ രാവിലെ ഒമ്പതിന് അങ്കമാലി അഡ്ലസ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടത്തും.
നീറ്റ് പ്രവേശനപരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ 2000ലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 7500ൽ അധികംപേർ പങ്കെടുക്കും.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നീറ്റ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ സ്നേഹോപഹാരമായി ഗോൾഡ് മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കും.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിലിന് ഒരു കോടി രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും സമ്മാനിക്കും.
അഖിലേന്ത്യാ തലത്തിൽ 21, 49, 73, 82 റാങ്കുകൾ നേടിയ പദ്മനാഭ മേനോൻ, ദേവദർശൻ ആർ. നായർ, വി.ജെ. അഭിഷേക്, അഭിനവ് സുനിൽ പ്രസാദ് എന്നിവർക്ക് 10 ലക്ഷം രൂപയും ഗോൾഡ്മെഡലും 470ൽ അധികം പേർക്ക് ഗോൾഡ് മെഡലുകളും 1600ൽ അധികം പേർക്ക് പ്രത്യേക ഉപഹാരങ്ങളും ഉൾപ്പെടെ 2.5 കോടിയിൽപരം സ്കോൾഷിപ്പുകൾ മന്ത്രിമാരും എംപിമാരും എംഎൽഎമാരും പോലീസ് മേധാവികളും ചേർന്ന് സമ്മാനിക്കും.