ഏകീകൃത കുര്‍ബാന: വിളംബരജാഥ 15ന്
Friday, August 9, 2024 2:21 AM IST
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്, 18ന് നടക്കുന്ന സിനഡിനു മുന്നോടിയായി സ്വാതന്ത്ര്യദിനത്തില്‍ വിളംബര ജാഥ നടത്തുമെന്ന് അതിരൂപത വിശ്വാസി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുര്‍ബാന വിഷയത്തില്‍ സിനഡിലെടുത്ത തീരുമാനങ്ങള്‍ നടപ്പില്‍വരുത്താന്‍ സഭാനേതൃത്വം തയാറാകണമെന്ന് ഭാരവാഹികളായ ഡോ. എം.പി. ജോര്‍ജ്, എം.ജെ. ജോസഫ്. ഷൈബി പാപ്പച്ചന്, ജോസഫ് അമ്പലത്തിങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വടക്കന്‍ മേഖലാ ജാഥ തീര്‍ഥാടനകേന്ദ്രമായ കൊരട്ടി പള്ളിയില്‍ നിന്ന് പോള്‍സണ്‍ കുടിയിരിപ്പിലും തെക്കന്‍ മേഖല ജാഥ ചേര്‍ത്തല മരുത്തൂര്‍വട്ടം പള്ളിയില്‍നിന്ന് ജോസ് അറക്കത്താഴവും നയിക്കും.
മേഖലാജാഥകള്‍ ഫാ. ജോര്‍ജ് നെല്ലിശേരി, ഫാ. കുര്യന് ഭരണികുളങ്ങര എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപതയിലെ 16 ഫൊറോനകളിലെ വിവിധ ഇടവക പള്ളികളിലൂടെ വിളംബര ജാഥ കടന്നുപോകും. രണ്ടു മേഖല ജാഥകളും വൈകുന്നേരം ആറിന് എറണാകുളം ബസിലിക്ക പള്ളിക്കു മുന്നില്‍ സംഗമിക്കും.