പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതിയും പരാതിക്കാരിയും നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി
Friday, August 9, 2024 2:21 AM IST
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഈ മാസം 14ന് നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതായും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ഹര്‍ജിക്കാരനും യുവതിയും നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
ഭര്‍ത്താവും താനുമായി ചെറിയ പിണക്കങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത് സ്വന്തം വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നുമാണ് നോര്‍ത്ത് പറവൂര്‍ സ്വദേശിയായ യുവതി നേരത്തെ സത്യവാങ്മൂലം നല്‍കിയത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് രാഹുല്‍ പീഡിപ്പിച്ചതായാണ് ഇരയായ യുവതി പോലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയിട്ടുള്ളത്.