മുത്തങ്ങയിൽ ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി
Friday, August 9, 2024 2:21 AM IST
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട. പാഴ്സൽ ലോറിയിൽ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ കോഴിക്കോട് പുതുപ്പാടി സ്വദേശി ഷംനാദ്(44) പോലീസ് പിടിയിലായി.
ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും ജില്ലാ പോലീസ് സൂപ്രണ്ടിന് കീഴിലുള്ള ഡാൻസാഫും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായാണ് എംഡിഎംഎ പിടികൂടിയത്.
ഇന്നലെ രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.