ലളിതജീവിതം മുഖമുദ്രയാക്കി പാവങ്ങളോടു പക്ഷംചേർന്ന് അവർക്കായി ജീവിതം സമർപ്പിച്ച കർമയോഗിയായിരുന്നു ആനന്ദപുരം പഴയാറ്റിൽ പൗലോസ് - റോസമ്മ ദന്പതികളുടെ മകനായ ബ്രദർ ഗബ്രിയേൽ പഴയാറ്റിൽ.
അശരണരിലും ആലംബഹീനരിലും ക്രിസ്തുവിനെ ദർശിച്ച് അവർക്കായി സ്നേഹശുശ്രൂഷ ചെയ്യുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ക്രിസ്തുവിനെപ്രതിയുള്ള തീക്ഷ്ണതയാൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ വീടുവിട്ടിറങ്ങിയ ഗബ്രിയേൽ കാരുണ്യത്തിനു പുത്തൻഭാഷ്യം ചമച്ചു. വൃദ്ധജനങ്ങളുടെ ക്ഷേമംമാത്രം ലക്ഷ്യംവച്ച് വീടുവീടാന്തരം കയറിയിറങ്ങി പിടിയരി പിരിക്കുവാൻ ബ്രദർ ഗബ്രിയേൽ ഏറെ ഉത്സുകനായിരുന്നു.