കായലിലും കടലിലും രക്ഷാകവചമൊരുക്കി ഫാ. ഏബ്രഹാം പെരികിലക്കാട്ട്
Friday, August 9, 2024 2:21 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കടലിലും കായലിലും അകപ്പെടുന്നവര്‍ക്ക് ജീവരക്ഷയ്ക്കുതകുന്ന കവചം രൂപകല്പന ചെയ്തിരിക്കുകയാണ് ഫാ. ഏബ്രഹാം പെരികിലക്കാട്ട് സിഎംഐ.
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ പതിവായി തിരയില്‍പ്പെട്ടു മരിക്കുന്ന സാഹചര്യത്തിനു പരിഹാരം തേടിയാണ് ഏറെക്കാലത്തെ ശ്രമത്തില്‍ ഫാ. ഏബ്രഹാം പെരികിലക്കാട്ട് നോഹാസ് ആര്‍ക് എന്നു പേരിട്ട രക്ഷാകവചം വികസിപ്പിച്ചത്.
ലൈഫ് ബോയ്ക്കു സമാനമായി ഫൈബറില്‍ വൃത്താകൃതിയില്‍ 30 സെന്റി മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച വളയത്തില്‍ ഇരിപ്പിടവുമുണ്ട്. ഇതില്‍ കയറുന്നയാള്ക്കു തിരമാലകള്‍ക്കു മീതേ സുരക്ഷിതമായി പൊങ്ങിക്കിടക്കാനാകും.
ഫാ. ഏബ്രഹാം ഈ രക്ഷാകവചം രൂപംകൊടുത്ത് തുടക്ക പരീക്ഷണം നടത്തിയത് ഒഴുക്കില്ലാത്ത ജലാശയത്തിലാണ്. കുളത്തിലെ ജലപ്പരപ്പിലിട്ട കവചത്തില്‍ ആളെ കയറ്റിയപ്പോള്‍ എട്ടു സെന്റിമീറ്റർ മാത്രമാണ് ഇത് താഴ്ന്നത്. നടുവിലെ ഇരിപ്പിടത്തില്‍ സൗകര്യപ്രദമായി ഇരിക്കാവുന്നതിനാല് സ്വതന്ത്രമായി കൈകള്‍ ചലിപ്പിക്കാനും ആവശ്യമെങ്കില്‍ തുഴയാനും സാധിക്കും.
രണ്ടാം ഘട്ടത്തില്‍ കടല്ത്തിരയിലായിരുന്നു പരീക്ഷണം.
ശക്തമായ തിരയില്‍ വളയത്തിനു മുകളില്‍ കൈകള്‍ മുറുക്കിയാല്‍ വളയത്തിനൊപ്പം നീങ്ങികൊള്ളും. ശരീരഭാരം ഏഴുപതു ശതമാനത്തോളം ജലനിരപ്പിനടിയിലായതിനാല് പേടകം മറിയാതെ വെള്ളത്തിനൊപ്പം നീങ്ങിക്കൊള്ളും. ഈ ഘട്ടത്തില്‍ കരയിലേക്ക് ജിപിഎസ് സന്ദേശം അയച്ച് സഹായം തേടാനുള്ള സംവിധാനവുമുണ്ട്.
അപകട സാഹചര്യങ്ങളില്പ്പെടുന്നവര്ക്കു മാത്രമല്ല മത്സ്യബന്ധന വള്ളങ്ങള്‍ക്കും ബോട്ടില്‍ സഞ്ചരിക്കുന്നവര്‍ക്കും ഈ കവചം സ്ഥിരം കരുതലായി സൂക്ഷിക്കാമെന്ന് ഫാ. ഏബ്രഹാം പെരികിലക്കാട്ട് വ്യക്തമാക്കി.
അയ്യായിരത്തോളം രൂപയാണ് നിര്‍മാണ ചെലവ്. ജലയാത്രകളിലും വെള്ളക്കെട്ടുകളിലും സുരക്ഷയ്ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താനുള്ള സാധ്യത ഇദ്ദേഹം അന്വേഷിച്ചു വരികയാണ്.
പുന്നപ്ര കാര്‍മല്‍ പോളിടെക്നിക്കില്‍ അധ്യാപകനായിരുന്ന എന്‍ജിനിയര്‍ ഫാ. പെരികിലക്കാട്ട് ഇപ്പോള്‍ പുതുപ്പള്ളി സിഎംഐ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്.