കൊച്ചിയില്‍നിന്നു ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍
Thursday, August 8, 2024 2:27 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ലാവോസിലേക്ക് കൊച്ചിയില്‍നിന്നും മനുഷ്യക്കടത്ത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ നഗര്‍ സ്വദേശി അഫ്സര്‍ അഷ്റഫ് (34) ആണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ എറണാകുളം പനമ്പിള്ളി നഗറില്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്.
ലാവോസിലെ ചൈനീസ് കമ്പനിയായ യിങ് ലോണ്‍ എന്ന സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്മെന്റ് സ്കീമില്‍ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസന് ഉള്‍പ്പെടെ ആറുപേരെ ലാവോസിലേക്ക് കൊണ്ടുപോയത്. 50,000 രൂപവീതം വാങ്ങിയാണ് പ്രതി ഇവരെ ലാവോസിലേക്ക് അയച്ചത്. ഇവിടെ എത്തിച്ചശേഷം യിങ് ലോണ്‍ എന്ന കമ്പനിക്ക് ഓരോരുത്തര്‍ക്കും നാലു ലക്ഷം രൂപ വീതം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
കേസില്‍ ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിളില്‍ പ്രവര്‍ത്തിക്കുന്ന യിങ് ലോണ്‍ ജീവനക്കാരായ രണ്ടുപേര്‍ കൂടി പ്രതികളാണ്.അറസ്റ്റിലായ പ്രതി നേരത്തേ ഇത്തരത്തില്‍ ജോലിക്കായി ലാവോസിലേക്ക് പോയിരുന്നു. അസുഖം മൂലം അഞ്ചു ദിവസത്തിനുശേഷം തിരികെപോന്നു.
പിന്നീടാണ് ഇത്തരത്തില്‍ ലാവോസിലേക്ക് ജോലിക്ക് ആളുകളെ കയറ്റിവിടാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. മുമ്പും ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ആളുകളെ ലാവോസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇത് ആരു മുഖേനയാണ് എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ജോലി ‘തട്ടിപ്പ്’; ചെയ്തില്ലെങ്കില്‍ ക്രൂരപീഡനം
ഏപ്രില്‍ നാലിനാണ് ഷുഹൈബ് ഹസനും അഞ്ച് സുഹൃത്തുക്കളും അഫ്സര്‍ അഷ്റഫ് വഴി ലാവോസിലേക്കു പോയത്. ഇവിടെ എത്തിയശേഷമാണ് ജോലി നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അറിഞ്ഞത്. ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിക്കാരന് പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ലാവോസ് പോലീസിനെയും ഇന്ത്യന്‍ എംബസിയെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരെ കയറ്റിവിടുകയായിരുന്നു. തട്ടിപ്പിനിരയായവരില്‍ ഷുഹൈബ് ഹസന് മാത്രമാണ് പോലീസില്‍ പരാതിയുമായി എത്തിയിട്ടുള്ളത്.
ക്രാക്കെന്‍ എന്ന ട്രേഡിംഗ് ആപ്പ് മുഖേന ഇന്ത്യക്കാരടക്കമുള്ളവരുമായി ചാറ്റ് ചെയ്തു പണം തട്ടുന്നതായിരുന്നു രീതി. ആപ്പില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലാഭം ഇരട്ടിയായി കാണിക്കും. ഇതു കാണുന്നതോടെ ആളുകള്‍ വീണ്ടും പണം നിക്ഷേപിക്കും. ഇതോടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു പണം മുഴുവന്‍ കൈക്കലാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ബാങ്കോക്ക് വഴി ലാവോസ്
ഓണ്‍ അറൈവല്‍ വീസയില്‍ ബാങ്കോക്കില്‍ എത്തിച്ച് അവിടെനിന്നു വീസ നല്കി ലാവോസിലേക്ക് എത്തിക്കുന്നതാണ് കടത്തുരീതി. ഇവിടെ എത്തിച്ചശേഷം പാസ്പോര്‍ട്ട് കൈക്കലാക്കുന്ന സംഘം ചൈനീസ് ഭാഷയിലുള്ള വിവിധ പേപ്പറുകളില്‍ ഒപ്പുവയ്പിച്ചതായി പരാതിക്കാരന് പോലീസിനോടു പറഞ്ഞു.
യുകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇന്ത്യക്കാരായ ആള്‍ക്കാരുടെ വ്യാജ ഐഡി ഉപയോഗിച്ച് ഇന്ത്യക്കാരായ ആളുകളെ ചാറ്റിംഗിലൂടെ ബന്ധപ്പെട്ട് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നും പരാതിക്കാരന് പറഞ്ഞു.