ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം സമഗ്ര പുനരധിവാസ പാക്കേജ്
Thursday, August 8, 2024 2:27 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം അടക്കമുള്ള സമഗ്ര പുനരധിവാസ പാക്കേജ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി കേട്ടശേഷം സമഗ്രപാക്കേജ് തയാറാക്കണം. ടൗണ്‍ഷിപ്പ് അടക്കം നിർമിച്ചാൽ തൊഴിൽ സാഹചര്യത്തിന് ഉൾപ്പെടെ ഗുണപ്പെടുമോ എന്ന ദുരിതബാധിതരുടെ അഭിപ്രായംകൂടി കേട്ടശേഷമാകും ഇക്കാര്യത്തിലുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്.
കാണാതായവർക്കായുള്ള തെരച്ചിലും കുടുംബം മുഴുവൻ നഷ്ടമായവരും ഉള്ള സാഹചര്യത്തിൽ നഷ്ടപരിഹാര പാക്കേജിന് ഏറെ സങ്കീർണതകൾ നിലനിൽക്കുന്നതായി വയനാട്ടിൽനിന്ന് ഓണ്‍ലൈനായി പങ്കെടുത്ത മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ അറിയിച്ചു.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എല്ലാം നഷ്ടമായവരുടെയും അടക്കമുള്ള സമഗ്ര നഷ്ടപരിഹാര പുനരധിവാസ പാക്കേജ് തയാറാക്കുക.
രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തെരച്ചിലും അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ വയനാട്ടിൽ തുടരാനും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
സ്ഥലം വിട്ടുനൽകാമെന്നും വീടു നിർമിച്ചു നൽകാമെന്നുമുള്ള വാഗ്ദാനവുമായി നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യവും വിശദമായി പരിഗണിക്കേണ്ടതുണ്ട്.
മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവരാണ് വയനാട്ടിൽ തുടർന്ന് തെരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ അംഗങ്ങൾ. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികളും ഉപസമിതി അംഗങ്ങളായ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.